ഒരു വർഷത്തോളമായി ശല്യപ്പെടുത്തുകയും കോടതി ഉത്തരവുണ്ടായിട്ടും അത് ലംഘിച്ച് പിന്തുടരുകയും ചെയ്ത യുവാവ് ഇന്ത്യൻ വംശജയായ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. കാലിഫോർണിയയിലെ സാക്രമെൻ്റോയിലാണ് സംഭവം. ആർഡൻ-ആർക്കേഡ് മേഖലയിലെ പനേറ ബ്രെഡ് ഔട്ട്ലെറ്റിന് സമീപമാണ് ശാലിനി താക്കൂർ എന്ന ഇന്ത്യൻ വംശജ ആക്രമിക്കപ്പെട്ടത്. കേസിൽ പ്രതിയായ രോഹിത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഹൈവേ 50-ൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.
ആക്രമണസമയത്ത് ശാലിനി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് പൊതുജനങ്ങളുടെ മുന്നിൽവെച്ച് നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് രോഹിത് അടുത്തേക്ക് ചെന്ന് വീണ്ടും വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.







