കാനഡയിലെ നോവ സ്കോഷ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഫീസ് നിശ്ചയിച്ച് പ്രവിശ്യാ സർക്കാർ. നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (NSNP) വർക്കർ സ്ട്രീം വഴി കുടിയേറ്റത്തിന് അപേക്ഷിക്കുന്ന വിദേശികൾ 1,000 ഡോളർ അപേക്ഷാ ഫീസ് നൽകണം. സംരംഭക സ്ട്രീം വഴി അപേക്ഷിക്കുന്നവർക്ക് 2,000 ഡോളർ അപേക്ഷാ ഫീസും നൽകണമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. പുതിയ ഫീസുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
വർക്കർ സ്ട്രീമിൽ ഉൾപ്പെടുന്ന സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജുവേറ്റ്, നോവ സ്കോഷ്യ എക്സ്പ്രസ് എൻട്രി എന്നിവയ്ക്ക് 1,000 ഡോളറും ഓൻ്റർപ്രണർ സ്ട്രീമിലെ ന്യൂ ബിസിനസ് പർച്ചേഴ്സ്, പർച്ചേഴ്സ് ഓഫ് എക്സിസ്റ്റിങ് ബിസിനസ്, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് ഓൻ്റർപ്രണർ എന്നീ പാത്ത് വേകൾക്ക് 2,000 ഡോളറുമാണ് ഫീസ്. എന്നാൽ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സമർപ്പിക്കുന്നതിനും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനും (AIP) ഫീസ് ഈടാക്കില്ല.
സെപ്റ്റംബർ 1-നോ അതിനു ശേഷമോ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മാത്രമേ പുതിയ ഫീസ് ബാധകമാകൂ. EOI പൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫീസ് അടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇമെയിൽ വഴി ലഭിക്കും. വർക്കർ സ്ട്രീമിൽ ഉള്ളവർ തിരഞ്ഞെടുക്കപ്പെട്ട് 7 ദിവസത്തിനുള്ളിൽ ഫീസ് അടയ്ക്കണം. ഓൻ്റർപ്രണർ സ്ട്രീമിൽ ഉള്ളവർ അപേക്ഷിക്കുന്ന പാത്ത് വേ അനുസരിച്ച് 90 മുതൽ 180 ദിവസത്തിനകം ഫീസ് അടയ്ക്കണം.







