ആൽബർട്ട തലസ്ഥാനമായ എഡ്മിന്റനിൽ ഇന്ത്യൻ വംശജനായ ലിക്വർ ഷോപ്പ് ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ക്രോംഡേലിൽ ‘കണക്ട് ലിക്വർ’ എന്ന സ്ഥാപനം നടത്തിയിരുന്ന സുഖ്ജിത് “സണ്ണി”രൺധാവ (48) കൊല്ലപ്പെട്ട കേസിൽ നിക്കോളാസ് ബട്ട്ലർ-ചോവസ് (22) എന്ന യുവാവാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 112-ാം അവന്യൂവിന് സമീപം ഗുരുതമായി പരുക്കേറ്റ നിലയിൽ സുഖ്ജിത് രൺധാവയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് നിക്കോളാസ് ബട്ട്ലർ-ചോവസ് അറസ്റ്റിലായത്. ക്രിമിനൽ പശ്ചാത്തലമുള്ള നിക്കോളാസിനെതിരെ പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടുപേരെ ആക്രമിച്ച കേസിൽ ഇയാൾ 45 ദിവസം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സുഖ്ജിതിൻ്റെ സംസ്കാരം ഓഗസ്റ്റ് 12-ന് നടക്കും.







