ഉപയോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ അടങ്ങിയ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റുകൾ നൽകിയ കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡയ്ക്ക് 4.25 മില്യൺ ഡോളർ പിഴ ചുമത്തി. 2001-2024 കാലയളവിൽ രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകളെ ഈ പ്രശ്നം ബാധിച്ചതായി കണ്ടെത്തി. ക്രെഡിറ്റ് കാർഡുകളിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, നിലവിലുള്ള കാർഡ് റദ്ദാക്കി പുതിയ അക്കൗണ്ടിലേക്ക് വിവരങ്ങൾ മാറ്റുന്ന പ്രക്രിയയിലെ സാങ്കേതികവും ഭരണപരവുമായ മേൽനോട്ടക്കുറവാണ് ഈ പിഴവിലേക്ക് നയിച്ചതെന്ന് ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി ഓഫ് കാനഡ (FCAC) അറിയിച്ചു. ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും ബാങ്കുകൾ കൂടുതൽ സുതാര്യത പുലർത്തണമെന്ന് എഫ്സിഎസി കർശന നിർദ്ദേശം നൽകി.
ഉപയോക്താക്കളുടെ സ്റ്റേറ്റ്മെൻ്റുകളിൽ പലിശയും മറ്റ് നിരക്കുകളും തെറ്റായി രേഖപ്പെടുത്തുകയും ചിലരിൽ നിന്ന് അധിക തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നടന്ന പരിശോധനയിൽ ബാങ്കിങ് നിയമലംഘനം ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായതായി കണ്ടെത്തി. 2,27,947 അക്കൗണ്ടുകളിലേക്കായി 22.4 മില്യൺ ഡോളറിലധികം തുക തിരികെ നൽകിയതായി ആർബിസി അറിയിച്ചു. നിലവിൽ കണ്ടെത്താൻ സാധിക്കാത്ത ഉപയോക്താക്കളുടെ വിഹിതമായി 2,99,000 ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബാങ്ക് സംഭാവന നൽകിയിട്ടുണ്ടെന്നും ബാങ്ക് റിപ്പോർട്ട് ചെയ്തു.






