newsroom@amcainnews.com

ബ്രെഡ് വില തട്ടിപ്പ്‌ കേസിൽ ന‌‌ടപടി; നഷ്ടപരിഹാര തുക വിതരണം ആരംഭിച്ചു

വർഷങ്ങൾ നീണ്ട ബ്രെഡ് വിലനിർണ്ണയ ക്രമക്കേടിൽ ഉൾപ്പെട്ട ക്ലാസ്-ആക്ഷൻ ഹർജിയിലെ നഷ്ടപരിഹാര തുക കനേഡിയൻ ജനതയുടെ കൈകളിലേക്ക് എത്തിത്തുടങ്ങി. തങ്ങളുടെ ക്ലെയിമുകൾ അംഗീകരിക്കപ്പെട്ട കാനഡക്കാർക്ക് തുക വിതരണം ചെയ്യാൻ തുടങ്ങിയതായി സെറ്റിൽമെന്റിന്റെ സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററായ ‘വെരിറ്റ’  അറിയിച്ചു. അപേക്ഷകരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഘട്ടംഘട്ടമായാണ് തുക അക്കൗണ്ടുകളിലേക്ക് അയക്കുന്നത്.

പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലോബ്ലോയും അതിന്റെ മാതൃ കമ്പനിയായ ജോർജ്ജ് വെസ്റ്റൺ ലിമിറ്റഡും ചേർന്ന് 500 മില്യൺ ഡോളർ പിഴയായി നൽകാം എന്ന് സമ്മതിച്ചതോടെയാണ് കേസിന് പരിഹാരമായത്. 2001-നും 2021-നും ഇടയിൽ കാനഡയിൽ താമസിച്ച് ബ്രെഡ് വാങ്ങിയവർക്കായിരുന്നു ഈ തുകയ്ക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നത്. അപേക്ഷകർക്ക് രണ്ട് വ്യത്യസ്ത തുകകളാണ് ലഭിക്കുക. അത് അവർ മുൻപ് കമ്പനിയുടെ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ്‌ തുക നൽകുന്നത്‌. 2018-ൽ കമ്പനി നൽകിയ 25 ഡോളറിന്റെ ‘ലോബ്ലോ ഗിഫ്റ്റ് കാർഡ്’ വാങ്ങാത്തവർക്ക് 49.11 കനേഡിയൻ ഡോളർ മുഴുവനായി ലഭിക്കും. നേരത്തെ 25 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് കൈപ്പറ്റിയവർക്ക് ഈ തുക കുറച്ചുള്ള ബാക്കി 24.11 കനേഡിയൻ ഡോളർ ലഭിക്കും. അപേക്ഷിക്കുന്ന സമയത്ത് തിരഞ്ഞെടുത്തത് അനുസരിച്ച് ഇന്ററാക് ഇ-ട്രാൻസ്ഫർ വഴിയോ ചെക്ക് വഴിയോ തുക ലഭിക്കും.

കാനഡയിലെ കോമ്പറ്റീഷൻ ബ്യൂറോ 2016-ലാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം തു‌ടങ്ങിയത്‌. വിപണിയിലെ മത്സരം ഒഴിവാക്കാൻ വെസ്റ്റൺ ഫുഡ്സും ലോബ്ലോയും മറ്റ് ചില പ്രമുഖ കമ്പനികളും രഹസ്യ ധാരണയുണ്ടാക്കി കൃത്രിമമായി ബ്രെഡിന് വില കൂട്ടി എന്നതായിരുന്നു കേസ്. ഈ മാഫിയാ കൂട്ടുകെട്ട് കാരണം ഒരു പാക്കറ്റ് ബ്രെഡിന് ശരാശരി 1.50 ഡോളറോളം ജനങ്ങൾക്ക് അധികം നൽകേണ്ടി വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന്റെ മറവിൽ കാനഡയിൽ വൻ വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളും നടക്കുന്നതായി കനേഡിയൻ ആന്റി ഫ്രോഡ് സെന്റർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഇ-ട്രാൻസ്ഫർ സന്ദേശങ്ങൾ notify@payments.interac.ca എന്ന ഇമെയിൽ വിലാസത്തിൽ നിന്ന് മാത്രമേ വരൂ. വെരിറ്റ  കമ്പനി ഒരിക്കലും മൊബൈൽ ടെക്സ്റ്റ് മെസ്സേജുകൾ (SMS) വഴിയോ ലിങ്കുകൾ വഴിയോ പണം അയക്കുകയോ വിവരങ്ങൾ ചോദിക്കുകയോ ഇല്ലെന്നും അധികൃതർ അറിയിച്ചു. പേര്, ബാങ്ക് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോദിച്ചു വരുന്ന വ്യാജ എസ്.എം.എസ്സുകളോട് പ്രതികരിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

You might also like

യാത്രാച്ചെലവ് 93,000 ഡോളർ: ഡഗ് ഫോർഡിന്‍റെ ടെക്സസ് യാത്ര വിവാദത്തിൽ

'Khalifa' Creates Waves at the Box Office: Part 2 Announced

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

27 വര്‍ഷമായി യുഎസിൽ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമ ഇന്ത്യന്‍ വംശജയെ ഐസിഇ കസ്റ്റഡിയിലെടുത്തു

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

Top Picks for You
Top Picks for You