അനധികൃത അവയവക്കടത്ത്: വ്യാജരേഖ ചമയ്ക്കുന്ന സംഘത്തിന്റെ തലവൻ ഉത്തർപ്രദേശിൽ പിടിയിൽ
കൊച്ചി: അനധികൃത അവയവക്കടത്തുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് പെരിങ്ങാല സ്വദേശിയും കാസർകോട് കലനാട് സ്വദേശിയുമായ മുഹമ്മദ് നജീബ് (53) ആണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് പിടിയിലായത്. പോലീസിന്റെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇയാളെ വലയിലാക്കിയത്.
പോലീസ് അന്വേഷണം തുടങ്ങുന്ന വിവരം അറിഞ്ഞ് ഒളിവിൽ പോയ നജീബിനെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത ശേഷം വിമാനമാർഗ്ഗം ഡൽഹിയിലേക്ക് കടന്ന ഇയാൾ പിന്നീട് ഗാസിയാബാദിലേക്ക് മാറുകയായിരുന്നു. വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം ‘കല്ലത്തറ മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു നജീബ്.
അവയവദാനത്തിനായി ഇയാൾ വ്യാപകമായി വ്യാജരേഖകൾ ചമച്ചിരുന്നതായി പോലീസ് കണ്ടെത്തി. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറികൾ, സർക്കാർ അനുമതി നിഷേധിച്ച രേഖകൾ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു. മെഡിക്കൽ ടൂറിസം സ്ഥാപനം എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്ക് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി ചേർന്ന് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന ഇടനിലക്കാരനായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചില ആശുപത്രികളുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവയവദാനത്തിന് പ്രേരിപ്പിക്കുകയും, തുടർന്ന് എം.എൽ.എമാർ, എം.പിമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലെറ്റർഹെഡുകൾ വ്യാജമായി നിർമ്മിച്ച് സമ്മതപത്രങ്ങളും ശുപാർശ കത്തുകളും തയ്യാറാക്കുകയുമായിരുന്നു ഇയാളുടെ രീതി. ലാബ് റിപ്പോർട്ടുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഇത്തരത്തിൽ വ്യാജമായി നിർമ്മിച്ചിട്ടുണ്ട്. കിഡ്നി ദാതാക്കളുടെ പേരിൽ വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (PCC) ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.






