ഒൻ്റാരിയോയിലെ ഹാമിൽട്ടണിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ വർഷം ആദ്യമായാണ് മനുഷ്യരിൽ അണുബാധ റിപ്പോർട്ട് ചെയ്യുന്നതെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കൊതുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, വീട്ടുപറമ്പുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു കൊതുക് പെരുകുന്നത് തടയണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. കൊതുകുകളിലൂടെ പടരുന്ന ഈ വൈറസ് ബാധിക്കുന്ന ഭൂരിഭാഗം ആളുകൾക്കും (ഏകദേശം 80 ശതമാനം) യാതൊരുവിധ ലക്ഷണങ്ങളും അനുഭവപ്പെടാറില്ല. എന്നാൽ പ്രായമായവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും കടുത്ത പനിയോ, തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായേക്കാം. രോഗമുള്ള കൊതുക് കടിച്ചാൽ 2 മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ട് തുടങ്ങും. രോഗവ്യാപനം തടയുന്നതിനായി നഗരത്തിലെ ഓടകളിലും പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് ലാർവകളെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പബ്ലിക് ഹെൽത്ത് അറിയിച്ചു.







