വാഷിങ്ടൺ : ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ നീതിന്യായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു. സിവില്‍ റൈറ്റ്സ് വിഭാഗം മേധാവി ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് പദവികളൊഴിയുന്നത്. ട്രംപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടറും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു.
അസിസ്റ്റൻ്റ് അറ്റോര്‍ണി ജനറല്‍ ഫോര്‍ സിവില്‍ റൈറ്റ്സ് ഹര്‍മീത് ധില്ലന്റെ രാജി ട്രംപിന്റെ മുന്‍ വ്യക്തിഗത അഭിഭാഷകന് കൂടിയായ യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടര്‍ രജിസ്ട്രേഷന് പട്ടികകള്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളില്‍ ധില്ലന് നേരിട്ട് പങ്കാളിയായിരുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.
ദേശീയ സുരക്ഷാ വിഭാഗം അസിസ്റ്റൻ്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ഐസന്‍ബര്‍ഗ്, ഫ്ലോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ജേസണ്‍ റെഡിങ് ക്വിനോണ്‍സ് എന്നിവരുടെ രാജിയും ബ്ലാഞ്ച് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണത്തിന് വിധേയരായ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ക്വിനോണ്സായിരുന്നു.







