സീറ്റുകളുടെ തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 24,000-ത്തിലധികം 2022 – 2026 മോഡൽ ‘സിയെന്ന ഹൈബ്രിഡ്’ (Sienna Hybrid) മിനിവാനുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെ രണ്ടാമത്തെ നിരയിലെ സീറ്റുകളുടെ ‘റീക്ലൈനർ’ സംവിധാനത്തിലാണ് തകരാറെന്നും ഇതുമൂലം അപകടമുണ്ടാകുമ്പോൾ യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിക്കുന്നതായും കമ്പനി പറയുന്നു.
സീറ്റ് ബെൽറ്റ് ‘പ്രീടെൻഷനർ’ (അപകടസമയത്ത് സീറ്റ് ബെൽറ്റ് മുറുക്കുന്ന സംവിധാനം) പ്രവർത്തിക്കുമ്പോൾ, ഈ സീറ്റുകളുടെ ‘റീക്ലൈനർ’ വിട്ടുപോകാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി, അപകടമുണ്ടാകുമ്പോൾ സീറ്റിൻ്റെ പിൻഭാഗം (seatback) നീങ്ങുകയും യാത്രക്കാർക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി റിപ്പോർട്ട് ചെയ്തു.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ടൊയോട്ട മെയിൽ വഴി വിവരം അറിയിക്കുകയും, വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. തുടർന്ന് സീറ്റ് ബെൽറ്റ് പ്രീടെൻഷനറുകളെ നിയന്ത്രിക്കുന്ന ‘സപ്ലിമെൻ്റൽ റെസ്ട്രെയിൻ്റ് സിസ്റ്റം’ (SRS) ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലെ സോഫ്റ്റ്വെയർ ഡീലർമാർ അപ്ഡേറ്റ് ചെയ്തു നൽകും. കൂടുതൽ വിവരങ്ങൾക്ക് 1-888-869-6828 എന്ന നമ്പറിൽ ടൊയോട്ടയുമായി ബന്ധപ്പെടാവുന്നതാണ്.







