ആയുധം ഉപയോഗിച്ചുള്ള കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഹാരിസ് കൗണ്ടി ഡെപ്യൂട്ടിമാർക്ക് നേരെ വെടിയുതിർത്ത കൗമാരക്കാരൻ കസ്റ്റഡിയിലായതായി ഷെരീഫ് എഡ് ഗോൺസാലസ് അറിയിച്ചു. ഹാരിസ് കൗണ്ടി, ടെക്സാസ്: വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഹൈവേ 6 ന് സമീപമുള്ള വെസ്റ്റ്പാർക്ക് ഡ്രൈവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ആയുധവുമായി കുടുംബവഴക്ക് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിമാർ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ, ഏകദേശം 17 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്കൊന്നും പരിക്കേറ്റിട്ടില്ല.
സംഭവത്തിന് പിന്നാലെ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരുവിവരങ്ങളോ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.







