യുവാക്കൾക്ക് സ്കിൽഡ് ട്രേഡ് മേഖലയിൽ അവസരങ്ങൾ ഒരുക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ. 2027 തുടക്കത്തോടെ നിലവിൽ വരുന്ന ഈ പദ്ധതിക്കായി അടുത്ത അഞ്ച് വർഷത്തേക്ക് 880 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്നും ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. യുവാക്കൾക്ക് നേരിട്ട് തൊഴിൽ പരിചയം ഉറപ്പാക്കുന്ന നാല് മാസം നീളുന്ന ട്രെയിനിങ് പ്രോഗ്രാമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. രാജ്യത്തിനാവശ്യമായ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹാജ്ദു അറിയിച്ചു.
റെഡ് സീൽ ട്രേഡിൽ അപ്രൻ്റീസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്ക് 5,000 ഡോളർ ബോണസ് ലഭിക്കും. വരുന്ന ശരത്കാലം (Fall) മുതൽ പ്രോഗ്രാമിനായി അപേക്ഷിക്കാം. 2025 ഏപ്രിൽ 1-നോ അതിനു ശേഷമോ സർട്ടിഫിക്കറ്റ് നേടിയവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. തൊഴിലന്വേഷകരെയും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ ‘ബിൽഡ് കാനഡ അപ്രൻ്റീസ്ഷിപ്പ് സർവീസ്’ ഉടൻ പ്രാബല്യത്തിൽ വരും. അപ്രൻ്റീസുകളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 ഡോളർ വരെ സാമ്പത്തിക സഹായം (ഗ്രാൻ്റ്) നൽകും.
സാങ്കേതിക പരിശീലനം നേടുന്ന അപ്രൻ്റീസുകൾക്ക് എംപ്ലോയ്മെൻ്റ് ഇൻഷുറൻസിന് പുറമെ ആഴ്ചയിൽ 400 ഡോളർ വീതം നൽകുന്ന ‘അപ്രൻ്റീസ്ഷിപ്പ് ട്രെയിനിങ് ഗ്രാൻ്റ്’ 2027 സ്പ്രിങ് സീസണിൽ ആരംഭിക്കും. പ്രീ-അപ്രൻ്റീസ്ഷിപ്പ്, സാങ്കേതിക പരിശീലനങ്ങൾ എന്നിവ വിപുലീകരിക്കുന്നതിനായി വിവിധ പ്രവിശ്യകൾക്കും ടെറിട്ടറികൾക്കുമായി 2 ബില്യൺ ഡോളർ ലഭ്യമാക്കുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.







