ചെറിയ ചില ലക്ഷണങ്ങളുടെ പേരിൽ വൈദ്യനിർദ്ദേശമില്ലാതെ സ്വയം രോഗനിർണയം നടത്തി സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യു.എ.ഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഡോക്ടറുടെ ഉപദേശമില്ലാതെ ഒന്നിലധികം വിറ്റാമിനുകളും സപ്ലിമെന്റുകളും ഒരുമിച്ച് ഉപയോഗിക്കുന്നതിനെയാണ് ‘സപ്ലിമെന്റ് സ്റ്റാക്കിങ്’ (Supplement stacking) എന്ന് വിളിക്കുന്നത്. ഇത് ശരീരത്തിൽ ടോക്സിസിറ്റി (വിഷാംശം) ഉണ്ടാകാനും, അവയവങ്ങൾക്ക് അമിതഭാരം നൽകാനും, കഴിക്കുന്ന മറ്റ് മരുന്നുകളുമായി കൂടിച്ചേർന്ന് പാർശ്വഫലങ്ങൾ ഉണ്ടാക്കാനും, ശരീരത്തിലെ പോഷകസമതുലിതാവസ്ഥ തകരാറിലാക്കാനും കാരണമാകും.
2017-ൽ അമേരിക്കയിലെ മൾട്ടിവൈറ്റമിനുകളെക്കുറിച്ച് നടത്തിയ പഠനത്തിൽ, പല ഉൽപ്പന്നങ്ങളിലും ലേബലിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സെലിനിയം, അയോഡിൻ എന്നിവ ലേബലിലുള്ളതിനേക്കാൾ 25 ശതമാനം വരെ കൂടുതലായിരുന്നു. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ അമിതമായി ശരീരത്തിലെത്തുന്നത് കരളിനും വൃക്കകൾക്കും കടുത്ത സമ്മർദ്ദമുണ്ടാക്കുകയും വിഷാംശമായി മാറുകയും ചെയ്യും. അതുപോലെ വിറ്റാമിൻ ബി അമിതമായാൽ നാഡീവ്യൂഹത്തെ ബാധിക്കുന്ന വേദനാജനകമായ ലക്ഷണങ്ങളും, മഗ്നീഷ്യം (400 mg/day-ൽ കൂടുതൽ), ഫോസ്ഫറസ് (750 mg/day-ൽ കൂടുതൽ) എന്നിവ അമിതമായാൽ വയറിളക്കവും ഉണ്ടാകാം. രക്തപരിശോധനയിലൂടെ വിളർച്ചയോ കുറവോ സ്ഥിരീകരിക്കാതെ ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കുന്നത് മലബന്ധം, ഛർദ്ദി, അസ്വസ്ഥതകൾ എന്നിവയ്ക്കും കരള്രോഗമുള്ളവരിൽ വിഷാംശത്തിനും കാരണമാകും. കൂടാതെ അമിതമായ കാൽസ്യം സപ്ലിമെന്റുകൾ വൃക്കയിലെ കല്ലുകൾക്കും രക്തധമനികളിൽ കാൽസ്യം അടിയുന്നതിനും (Vascular calcification) കാരണമായേക്കാം.
ഒരു കടയിലോ ഫാർമസിയിലോ ചെല്ലുമ്പോൾ ഉന്മേഷത്തിനും, രോഗപ്രതിരോധശേഷിക്കും, മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനുമായി നിരവധി സപ്ലിമെന്റുകൾ ലഭ്യമാണ്. ക്ഷീണം തോന്നുമ്പോൾ അയൺ അല്ലെങ്കിൽ വിറ്റാമിൻ B12, മുടികൊഴിച്ചിലിന് ബയോട്ടിൻ, പ്രതിരോധശേഷിക്ക് വിറ്റാമിൻ C, സിങ്ക് എന്നിവ സ്വയം വാങ്ങി കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഒരു ലക്ഷണം കണ്ടതുകൊണ്ടു മാത്രം ശരീരത്തിൽ പോഷകക്കുറവുണ്ടെന്ന് കരുതാനാകില്ല; സപ്ലിമെന്റ് സ്റ്റോറുകൾ രോഗനിർണ്ണയ കേന്ദ്രങ്ങളുമല്ല. പ്രശ്നം സപ്ലിമെന്റുകളുടേതല്ല, മറിച്ച് ശരീരം ആവശ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാതെ അവ ഉപയോഗിക്കുന്നതാണ്.
ഒരു വ്യക്തിയുടെ ആകെ പോഷകാഹാര ലഭ്യത (ഭക്ഷണത്തിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും) വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. “അല്പം നല്ലതാണെങ്കിൽ കൂടുതൽ കഴിക്കുന്നത് അതിലും നല്ലത്” എന്ന ചിന്ത തെറ്റാണ്. ശരിയായ അളവിൽ ആവശ്യമായ പോഷകങ്ങൾ അമിതമായാൽ അത് ശരീരത്തിന് ദോഷം ചെയ്യും. കാർണർസ്റ്റോൺ ക്ലിനിക്കിലെ ജനറൽ സർജനായ ഡോ. ജിയോവന്നി ലിയോണെറ്റിയുടെ അഭിപ്രായത്തിൽ, പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്ന ഒരാൾ അനാവശ്യമായി കൂടുതൽ സപ്ലിമെന്റുകൾ കഴിക്കുമ്പോൾ അത് അരിച്ചെടുക്കാൻ ശരീരത്തിലെ അവയവങ്ങൾക്ക് അമിതമായി പ്രയത്നിക്കേണ്ടി വരുന്നു. വെലിയോ ഹെൽത്തിലെ ജാമി റിച്ചാഡ്സ് ചൂണ്ടിക്കാണിക്കുന്നത് പോലെ അമിതമായ സപ്ലിമെന്റേഷൻ കരൾ, വൃക്ക, നാഡീവ്യൂഹം, ദഹനവ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിക്കും.

വ്യത്യസ്ത ആവശ്യങ്ങൾക്കായി പല സപ്ലിമെന്റുകൾ ഒരുമിച്ച് കഴിക്കുമ്പോൾ അറിയാതെ തന്നെ ഒരേ വിറ്റാമിനുകളും മിനറലുകളും അമിതമായി ശരീരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് ദഹനവ്യവസ്ഥയിലെ പോഷക ആഗിരണത്തെ തടസ്സപ്പെടുത്തുകയും വിഷാംശം ഉണ്ടാക്കുകയും ചെയ്യും. തുടക്കത്തിൽ ഇതിന്റെ ലക്ഷണങ്ങൾ വ്യക്തമാകില്ലെങ്കിലും രക്തസ്രാവം, തലകറക്കം, ക്ഷീണം, ചിന്താക്കുഴപ്പം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയായി ഇവ പുറത്തുവരാം. കൂടാതെ ചില സപ്ലിമെന്റുകൾ ഒന്നിച്ചു കഴിക്കുന്നത് അവയുടെ ആഗിരണത്തെ തടയും. ഉദാഹരണത്തിന്, കാൽസ്യവും സിങ്കും അയണിനൊപ്പം കഴിച്ചാൽ ശരീരത്തിന് അയൺ ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നു.
അയൺ, വിറ്റാമിൻ എ, വിറ്റാമിൻ ബി6, കാൽസ്യം എന്നിവയാണ് ആളുകൾ അനാവശ്യമായി കഴിക്കാൻ സാധ്യതയുള്ള പ്രധാന സപ്ലിമെന്റുകൾ. കാൽസ്യം കുറവ് അപൂർവ്വമാണെങ്കിലും അത് സംയോജിപ്പിക്കാനുള്ള (metabolise) ശരീരത്തിന്റെ കഴിവുകുറവാണ് പലരിലും പ്രശ്നം സൃഷ്ടിക്കുന്നത്. വെയിൽ കൊള്ളാത്തതും, വിറ്റാമിൻ ഡി കുറവും, ദഹനരസങ്ങളുടെ കുറവും ഇതിന് കാരണമാകാം. അമിതമാകുന്ന കാൽസ്യം സോഫ്റ്റ് ടിഷ്യൂകളിൽ അടിയുന്നത് ധമനികൾ കട്ടിപിടിക്കുന്നതിലേക്കും വൃക്കയിലെ കല്ലുകളിലേക്കും നയിക്കാം.
സ്വയം ചികിത്സയ്ക്ക് പകരം കൃത്യമായ രക്തപരിശോധനകളിലൂടെയോ മൂത്രപരിശോധനയിലൂടെയോ മാത്രം വിറ്റാമിൻ കുറവുകൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. വാർഷിക ആരോഗ്യ പരിശോധനകൾ വഴി ഇത്തരം കുറവുകൾ ലക്ഷണങ്ങൾ കാണപ്പെടുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ സാധിക്കും. പുതിയൊരു സപ്ലിമെന്റ് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുൻപായി അഞ്ചു സുപ്രധാന ചോദ്യങ്ങൾ സ്വയം ചോദിക്കണമെന്ന് ഡോ. ലിയോണെറ്റി നിർദ്ദേശിക്കുന്നു. ഒന്നാമതായി, നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തിനെതിരെ ഔദ്യോഗികമായി എന്തെങ്കിലും ആരോഗ്യ മുന്നറിയിപ്പുകളോ നിരോധനങ്ങളോ നിലവിലുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ടാമതായി, പരസ്യ അവകാശവാദങ്ങൾക്ക് അപ്പുറം ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ നിഷ്പക്ഷവും സ്വതന്ത്രവുമായ ലബോറട്ടറികളുടെ പരിശോധനകൾക്ക് അത് വിധേയമായിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
മൂന്നാമതായി, വിപണിയിൽ പറയുന്ന അവകാശവാദങ്ങൾ വിശ്വസിക്കാൻ കഴിയാത്തവിധം വലുതാണോ എന്ന് ജാഗ്രതയോടെ ചിന്തിക്കണം; പെട്ടെന്നുള്ള അത്ഭുത ഫലങ്ങൾ വാഗ്ദാനം ചെയ്യുന്നവ പലപ്പോഴും അപകടകരമായേക്കാം. നാലാമതായി, ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ തെളിയിക്കുന്നതിന് ശാസ്ത്രീയമായോ കൃത്യമായോ ഉള്ള തെളിവുകൾ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണം. അവസാനമായി, ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, നിങ്ങളുടെ ശരീരത്തിന് ശരിക്കും ഇത്തരം ഒരു സപ്ലിമെന്റിന്റെ ആവശ്യകത ഉണ്ടോ എന്ന് ഡോക്ടറുടെ സഹായത്തോടെ വിലയിരുത്തേണ്ടതുണ്ട്.
ഡോക്ടർ നിർദ്ദേശിക്കുന്ന അവശ്യ സപ്ലിമെന്റുകൾ കഴിക്കേണ്ടത് തന്നെയാണ്. എന്നാൽ ആകർഷകമായ പരസ്യങ്ങൾ കണ്ടോ ഇൻ്റർനെറ്റിൽ തിരഞ്ഞോ സ്വയം സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.







