വാഷിങ്ടൺ : ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക്‌ലിനില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഫ്‌ലാറ്റ്ബുഷ് മേഖലയിലാണ് അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പൊലീസും ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ അടിയന്തരമായി സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ഒരാള്‍ മരിച്ചതായി ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന സ്ഥലത്തെ മൂന്ന് നില കെട്ടിടമാണ് തകര്‍ന്നുവീണത്. സമീപത്തുണ്ടായിരുന്ന മറ്റൊരു മൂന്ന് നില കെട്ടിടത്തിന്‍റെ മതിലും തകര്‍ന്നതോടെ അപ്പാര്‍ട്ട്‌മെൻ്റുകള്‍ പുറത്തു നിന്നും കാണാവുന്ന സ്ഥിതിയിലാണ്. അപകടസമയത്ത് നിര്‍മാണത്തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിരവധി തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും ജോലിസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും കണക്ക് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ന്യൂയോര്‍ക്ക് അഗ്‌നിരക്ഷാസേന അറിയിച്ചു.








