മനുഷ്യ-വന്യജീവി സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ വനമേഖലയോട് ചേർന്നുനിൽക്കുന്ന തോട്ടം മേഖലകളിൽ രാത്രിയാത്രയ്ക്കും രാത്രികാല പണികൾക്കും ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ നിരോധനം ബാധകമാക്കിയിരിക്കുന്നത്. ഈ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നാർ, പീരുമേട്, ഉടുമ്പൻചോല എന്നിവിടങ്ങളിലെ ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന് നിർദേശം നൽകിയിട്ടുണ്ടെന്നും, നിരോധനം ഉറപ്പാക്കാൻ പൊലീസ് പെട്രോളിംഗ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഈ ഉത്തരവിലൂടെ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിരോധിച്ചിട്ടില്ലെന്നും ഇത് ഒരു ഉത്തരവല്ല, മറിച്ച് മുൻകരുതലിന്റെ ഭാഗമായുള്ള ഒരു കത്ത് മാത്രമാണെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫ് വ്യക്തമാക്കി. ആലുവ – മൂന്നാർ റോഡ്, കെ.കെ. റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ യാത്രാവിലക്കില്ലെന്നും തോട്ടങ്ങളിലെ റോഡുകൾക്ക് മാത്രമാണ് നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ഈ ഉത്തരവിനെതിരെ വിമർശനങ്ങളും ആശങ്കകളും ഉയരുന്നുണ്ട്. തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലെ ജനങ്ങൾക്ക് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്തവിധം ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് ആരോപിച്ചു. കൂടാതെ, രാത്രി വൈകുവോളം ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ ജീവിതത്തെയും ഫാക്ടറികളുടെ പ്രവർത്തനത്തെയും ഈ നിയന്ത്രണം സാരമായി ബാധിക്കുമെന്ന് പീരുമേട് ടൈഫോഡ് എസ്റ്റേറ്റ് മാനേജർ ആർ. സാംരാജും അഭിപ്രായപ്പെട്ടു.







