യുഎസിൽ ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിന് കുത്തേറ്റു. യൂട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലുള്ള വാലി ഫെയർ മാളിലാണ് സംഭവം. മാളിലെ ജ്വല്ലറി കിയോസ്കിൽ ജീവനക്കാരനായ സുഹൈൽ എന്ന യുവാവിനാണ് കുത്തേറ്റത്. പതിനഞ്ചോളം കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സുഹൈൽ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പീറ്റർ മൈക്കൽ ലാർസൺ (48) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാളിലെ മഗ ഇൻകോർപറേറ്റഡ് ഡയമണ്ട്സ് എന്ന ജ്വല്ലറി കിയോസ്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സുഹൈലിനടുത്തേക്ക് പ്രതി എത്തുന്നത്. ആദ്യം കുടിവെള്ളം ആവശ്യപ്പെട്ട പ്രതി, സുഹൈൽ വെള്ളമെടുക്കാൻ തിരിഞ്ഞതോടെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
അക്രമത്തിന് തൊട്ടുമുമ്പ് പ്രതി സുഹൈലിന്റെ വ്യക്തിത്വത്തെക്കുറിച്ചും മതത്തെക്കുറിച്ചും ചോദിച്ചറിഞ്ഞിരുന്നതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. “നീ എവിടെ നിന്നാണ് വരുന്നത് എന്ന് ലാർസൺ ചോദിച്ചപ്പോൾ ‘ഞാൻ ഇന്ത്യയിൽനിന്നാണ്, എന്‍റെ പേര് സുഹൈൽ’ എന്ന് അവൻ മറുപടി നൽകി. തുടർന്ന് ‘നീ മുസ്‌ലിമാണോ?’ എന്ന് ചോദിക്കുകയും മറുപടി പറഞ്ഞതോടെ ലാർസൺ കത്തിയെടുത്ത് ക്രൂരമായി കുത്താൻ തുടങ്ങുകയുമായിരുന്നു,” സുഹൈലിന്‍റെ സുഹൃത്തും സഹപ്രവർത്തകയുമായ ലൂണ നുനെസ് പറഞ്ഞു. പ്രതിയെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അമേരിക്കയിലെ മുസ്ലിം കൂട്ടായ്മകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.







