ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടോടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ, ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ് സൗരിയുടെ പഴയ പോഡ്കാസ്റ്റ് സംഭാഷണം വീണ്ടും ചർച്ചയാകുന്നു. ധാക്കയിലെ തുരഗ് നദിക്കരയിൽ നിന്നാണ് കാണാതായ തഹ്സിഫിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭ സമയത്ത് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് പോകുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചത് തഹ്സിഫാണെന്ന പ്രചാരണം ശ ശക്തമായിരുന്നു. ഇതിനെതിരെ അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകളാണ് മരണശേഷം ഇപ്പോൾ മാധ്യമ ശ്രദ്ധ നേടുന്നത്.
താൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (RAW) ഏജന്റാണെന്ന ആരോപണങ്ങളെ ശക്തമായ ഭാഷയിലാണ് പോഡ്കാസ്റ്റിൽ തഹ്സിഫ് നേരിട്ടത്. പ്രസ്തുത വീഡിയോ പകർത്തിയത് ഫ്ലൈറ്റ് ലഫ്റ്റനന്റ് റിഫാത്ത് അഷ്റഫ് ആണെന്നിരിക്കെ, താനാണ് അത് പ്രചരിപ്പിച്ചത് എന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. തന്നെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്തതിന് പിന്നിൽ ഇത്തരം തെറ്റായ ആരോപണങ്ങൾക്ക് പങ്കുണ്ടാകാമെന്ന് സൂചിപ്പിച്ച അദ്ദേഹം, എന്നാൽ സുരക്ഷാ കാരണങ്ങളാൽ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. തെറ്റായ വാർത്തകളും മാധ്യമ റിപ്പോർട്ടുകളും കാരണം തനിക്ക് കടുത്ത സാമൂഹിക അപമാനവും ഉപദ്രവങ്ങളും നേരിടേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തനിക്ക് ‘റോ’യുമായി ബന്ധമുണ്ടെന്ന വാദങ്ങളെ പരിഹസിച്ച അദ്ദേഹം, അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ താൻ എന്തിന് ബംഗ്ലാദേശിൽത്തന്നെ തുടരുകയും പൊതുവേദികളിൽ വന്ന് സംസാരിക്കുകയും ചെയ്യുന്നുവെന്ന് ചോദിച്ചു. കഴിഞ്ഞ രണ്ട് വർഷമായി താൻ കടുത്ത മാനസിക-ശാരീരിക ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്റെ ജനാധിപത്യ അവകാശമായ പാസ്പോർട്ട് അധികൃതർ തടഞ്ഞുവെച്ചതിൽ വലിയ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തഹ്സിഫിന്റെ ഈ അഭിമുഖം വലിയ ചർച്ചയായതോടെ പ്രതികരണവുമായി സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഐ.എസ്.പി.ആർ (ISPR) രംഗത്തെത്തി. തഹ്സിഫിനും റിഫാത്ത് അഷ്റഫിനുമെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ ഹസീനയുടെ പലായാന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടതല്ലെന്ന് 2025 ഓഗസ്റ്റിൽ പുറത്തിറക്കിയ വിശദീകരണം അവർ വീണ്ടും ആവർത്തിച്ചു.







