കനത്ത കാറ്റിൽ കമുക് ഒടിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റ ഏഴു വയസ്സുകാരനായ ആർബിൻകുട്ടു റെയ്ഡർ ജോസഫിന്റെ ചികിത്സയ്ക്കായി കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ് കുടുംബവും നാട്ടുകാരും. വെള്ളമുണ്ട ഓഴക്കൻമൂല മാടപ്പള്ളിക്കുന്ന് സ്വദേശിയായ സുനീഷിന്റെ മകനാണ് ആർബിൻകുട്ടു. സ്കൂൾ വിട്ട് വലിയച്ഛന്റെയും അമ്മ അശ്വതിയുടെയും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുട്ടിയുടെ തലയിലേക്ക് കമുക് വീണ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായ ശക്തമായ കാറ്റും മിന്നലുമാണ് കമുക് ഒടിഞ്ഞു വീഴാൻ കാരണമായത്.
അപകടത്തെ തുടർന്ന് കുട്ടിയെ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും ചികിത്സയിൽ പുരോഗതിയുണ്ട്. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി നടക്കേണ്ടതുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ആവശ്യമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിട്ടുണ്ട്.
ഇതുവരെ ചികിത്സയ്ക്കായി 15 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. തുടർന്നുള്ള മാസങ്ങളിലെ ചികിത്സയ്ക്കും വർഷങ്ങൾ നീളുന്ന നിരീക്ഷണങ്ങൾക്കുമായി ഏകദേശം 50 ലക്ഷം രൂപ കൂടി ആവശ്യമെന്നാണ് കണക്കാക്കുന്നത്. ഹൃദ്രോഗിയായ പിതാവ് സുനീഷിനും കുടുംബത്തിനും ഈ തുക ഒറ്റയ്ക്ക് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ലതിക, പി.ജെ. വിൻസെന്റ്, ടി. നാസർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുന്നതിനായി കാനറാ ബാങ്കിന്റെ തരുവണ ശാഖയിൽ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്.







