വിവാദങ്ങൾ നിറഞ്ഞ ഭരണകാലത്തിന് വിരാമമിട്ടു ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്ലി രാജിവെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്. സറേ-സർപെന്റൈൻ എം.എൽ.എ. ലിൻഡ ഹെപ്നർ രാജിവയ്ക്കുകയും പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെറി-ലിൻ ഫിൻഡ്ലിയുടെ രാജി.
കെറി-ലിൻ ഫിൻഡ്ലി മേയ് 30-ന് നേതൃസ്ഥാനം ഏറ്റെടുത്തതുമുതൽ, ബി.സി. കൺസർവേറ്റീവ് പാർട്ടിയിൽ നിരവധി രാജികളും പുറത്താക്കലുകളും മുതിർന്ന ഉദ്യോഗസ്ഥരുടെ നിരന്തരമായ മാറ്റങ്ങളും അരങ്ങേറിയിരുന്നു. കൂടാതെ, ഫിൻഡ്ലിയെ വിമർശിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി ഒരു സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.







