ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, തങ്ങളുടെ അന്താരാഷ്ട്ര ബിസിനസ് വിഭാഗം മേധാവിയായ പെയ്മാൻ കർഗറിനെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിച്ചു. 2008 മുതൽ ഈ പദവി വഹിക്കുന്ന കെ.എൻ. രാധാകൃഷ്ണന് പകരക്കാരനായാണ് കർഗർ എത്തുന്നത്.
കർഗറിന്റെ നിയമനം 2027 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരുമെന്നും അതുവരെ രാധാകൃഷ്ണൻ തന്നെ ടിവിഎസിന്റെ തലപ്പത്ത് തുടരുമെന്നും കമ്പനി വ്യക്തമാക്കി. കടുത്ത മത്സരമുള്ള വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ, ഇവി വിഭാഗം എന്നിവയിലെ കരുത്തും അന്താരാഷ്ട്ര വ്യാപനവും വഴി കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു പോരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മാറ്റം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:19 ലെ കണക്കുപ്രകാരം കമ്പനിയുടെ ഓഹരികൾ 4.4% ഇടിഞ്ഞ് 4,218 രൂപയിലെത്തി. എന്നാൽ ഓഹരി വിപണിയിലുണ്ടായ ഈ ഇടിവ് ലാഭമെടുക്കൽ (profit-booking) കാരണമാണെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ഈ വർഷം ഇതുവരെ ടിവിഎസ് ഓഹരികൾ 13% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്; ഇത് ഓട്ടോ സൂചികയുടെ (NIFTYAUTO) 1.9% വളർച്ചയേക്കാൾ വളരെ ഉയർന്നതാണ്.
“വിപണിയിൽ പൊതുവെ ലാഭമെടുക്കൽ നടന്നതിനാലാണ് ഓഹരികളിൽ ഇടിവുണ്ടായത്, ഇതിനെ പുതിയ വാ വാർത്തയുമായി നേരിട്ട് ബന്ധപ്പെടുത്താനാവില്ല,” എന്ന് വെൽത്ത് മിൽസ് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടർ ക്രാന്തി ഭതിനി പറഞ്ഞു. കമ്പനിയുടെ സംസ്‌കാരത്തെക്കുറിച്ചും ബിസിനസ് രീതികളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളതിനാൽ, കമ്പനിക്കുള്ളിൽ നിന്നുതന്നെയൊരാളെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് അനുകൂലമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മാർച്ചിലാണ് കർഗർ ദുബായ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ബിസിനസ് മേധാവിയായി ടിവിഎസ് മോട്ടോറിൽ ചേരുന്നത്. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വാഹന മേഖലയിൽ മുപ്പത് വർഷത്തിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം നിസാന്റെ ആഡംബര ബ്രാൻഡായ ഇൻഫിനിറ്റി, ഡാറ്റ്സൻ എന്നിവയിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
“ഇതൊരു പോസിറ്റീവ് വാർത്ത തന്നെയാണ്, എന്നാൽ വിപണിയിൽ ഇതിനകം തന്നെ ഇതിന്റെ സ്വാധീനം പ്രതിഫലിച്ചതിനാൽ ഓഹരി വിലയിൽ മാറ്റം പ്രകടമാകുന്നില്ല. മറ്റ് രണ്ടുചക്ര വാഹന കമ്പനികളുടെ പി.ഇ (PE) അനുപാതം 20 മുതൽ 38 വരെയുള്ള പരിധിയിൽ നിൽക്കുമ്പോൾ ടിവിഎസ് മോട്ടോഴ്സിന്റേത് 58 നടുത്താണ്. അതിനാൽ ഇടിവ് ലാഭമെടുക്കൽ മാത്രമാണ്,” എന്ന് ഇക്വിനോമിക്സ് റിസർച്ച് സ്ഥാപകനും റിസർച്ച് മേധാവിയുമായ ജി. ചൊക്കലിംഗം വ്യക്തമാക്കി.
കർഗറിന്റെ നേതൃത്വത്തിന് കീഴിൽ, കമ്പനിയുടെ ആഗോള വിപണി വിപുലീകരണത്തിൽ അന്താരാഷ്ട്ര ബിസിനസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്; ഇത് നിലവിൽ ടിവിഎസിന്റെ മൊത്തം വിൽപ്പനയുടെ 29 ശതമാനത്തോളം വരും.
“അന്താരാഷ്ട്ര ബിസിനസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നമ്മുടെ പ്രകടനത്തിന് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ടിവിഎസ് മോട്ടോറിനെ നയിക്കാനും ലോകത്തിലെ മുൻനിര മൊബിലിറ്റി കമ്പനികൾക്കിടയിൽ നമ്മുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും അനുയോജ്യനായ വ്യക്തി തന്നെയാണ് അദ്ദേഹമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്,” ടിവിഎസ് ചെയർമാൻ സുദർശൻ വേണു പ്രസ്താവനയിൽ പറഞ്ഞു.







