ഷിക്കാഗോ : രാജ്യത്തുടനീളം വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി നിർത്തിവച്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ (FAA) ഉത്തരവ് വെള്ളിയാഴ്ച പിൻവലിച്ചെങ്കിലും ഷിക്കാഗോയിലെ ഒ’ഹെയർ, മിഡ്‌വേ വിമാനത്താവളങ്ങളിൽ ശനിയാഴ്ചയും റദ്ദാക്കലും കാലതാമസവും തുടർന്നു. ശനിയാഴ്ച രാവിലെ ഏഴുമണി വരെ ഒ’ഹെയറിൽ 400-ലേറെ സർവീസുകളും മിഡ്‌വേയിൽ അറുപതോളം സർവീസുകളും റദ്ദാക്കി. ഇരു വിമാനത്താവളങ്ങളിലുമായി ഇരുനൂറോളം സർവീസുകൾ വൈകി.
വെള്ളിയാഴ്ച നാലു മണിക്കൂറിലധികം നീണ്ട ഗ്രൗണ്ട് സ്റ്റോപ്പിന്‍റെ പ്രത്യാഘാതം ശനിയാഴ്ചയും രാജ്യത്തുടനീളം അനുഭവപ്പെട്ടു. ഞായറാഴ്ച അവസാനത്തോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് FAAയുടെ പ്രതീക്ഷ. വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്‍റെ നവീകരണത്തിനിടെ പഴയ ഉപകരണങ്ങൾക്ക് അമിതഭാരം നേരിട്ടതോടെ ആശയവിനിമയത്തിലും റഡാർ സംവിധാനത്തിലും ഇടയ്ക്കിടെ തടസ്സമുണ്ടായെന്നാണ് ഫെഡറൽ അധികൃതരുടെ വിശദീകരണം.
ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയ ചില യാത്രക്കാർക്ക് തുടർവിമാനങ്ങൾ റദ്ദായതോടെ ഇടത്താവളങ്ങളിൽ യാത്ര മുടങ്ങി. ഈ വാരാന്ത്യത്തിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് ആദ്യ വിമാനത്തിന്‍റെയും കണക്ഷൻ സർവീസുകളുടെയും സ്ഥിതി പരിശോധിക്കണമെന്ന് എയർലൈനുകൾ അഭ്യർത്ഥിച്ചു.








