അൻ്റാലിയ : കാലാവസ്ഥാ വ്യതിയാനം കോവിഡിനേക്കാള്‍ മാരകമെന്ന് മുന്നറിയിപ്പ് നൽകി യുഎൻ ക്ലൈമറ്റ് ചേഞ്ച് എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ. ലോകത്താകെ കാലാവസ്ഥാ വ്യതിയാനം മൂലം 33 ലക്ഷത്തിലേറെ പേര്‍ മരിക്കുന്നതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ അൻ്റാലിയയിൽ നടക്കുന്ന COP31 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായു മലിനീകരണവും കടുത്ത ചൂടും ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് സൈമൺ സ്റ്റീൽ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ ദുരന്തങ്ങൾ ആശുപത്രികളുടെ പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ ഇടപെടലുകളും ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധർ ചേർന്ന് തയാറാക്കിയ ‘ലാൻസെറ്റ് കൗണ്ട്ഡൗൺ 2026’ പഠന റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഭൂമിയിലെ താപനില സർവകാല റെക്കോർഡിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2026 ഉൾപ്പെടെയുള്ള കഴിഞ്ഞ നാല് വർഷങ്ങളാണ് ഇതിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കാലയളവ്. അന്തരീക്ഷ താപനില വർധിക്കുന്നതിന് പുറമെ വരൾച്ചയും കനത്ത മഴയും കാട്ടുതീയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന്‍റെ ആഘാതമെന്നോണം കോളറ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളും വ്യാപകമായി പടരുന്നു.







