സൗത്ത് ഈസ്റ്റ് എഡ്മിന്റനിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 21-ാം അവന്യൂവിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ പടർന്നുപിടിച്ച തീപിടുത്തത്തിൽ 17 താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും 4.7 ലക്ഷം ഡോളറിലധികം നാശനഷ്ടം ഉണ്ടായതായും എഡ്മിന്റൻ ഫയർ റെസ്ക്യൂ സർവീസസ് സ്ഥിരീകരിച്ചു. ഇ-സ്കൂട്ടറിലെ ലിഥിയം-അയോൺ ബാറ്ററിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന, കെട്ടിടത്തിൻ്റെ മുകൾ നിലയിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. നാൽപ്പതോളം അഗ്നിശമന സേനാംഗങ്ങളും അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങളും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് ഈ വർഷം എഡ്മിന്റൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 20-ാമത്തെ അപകടമാണിതെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു. ഈ അപകടങ്ങളിലൂടെയുള്ള സാമ്പത്തിക നഷ്ടം 2.1 മില്യൺ ഡോളർ കവിഞ്ഞതായും അധികൃതർ റിപ്പോർട്ട് ചെയ്തു. ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ ഗുണനിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനും രാത്രികാലങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.







