വാഷിങ്ടൺ : ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവും അമേരിക്കൻ കുടുംബങ്ങളുടെ താങ്ക്സ്ഗിവിങ് ആഘോഷങ്ങളുടെ ബജറ്റിനെയും ആസൂത്രണത്തെയും സാരമായി ബാധിക്കുന്നു. ‘ലെൻഡിങ് ട്രീ’ അടുത്തിടെ നടത്തിയ സർവേ പ്രകാരം, താങ്ക്സ്ഗിവിങ് ആഘോഷിക്കാൻ പദ്ധതിയിടുന്നവരിൽ പകുതിയിലധികം പേരും വിലക്കയറ്റം തങ്ങളുടെ ഷോപ്പിങ്ങിനെ ബാധിച്ചതായി വ്യക്തമാക്കി. ആഘോഷങ്ങൾ നടത്തുന്നതിനായി പണം കടമെടുക്കേണ്ടി വരുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗത്തോളം പേർ (ഏകദേശം 66%) അഭിപ്രായപ്പെട്ടു. ഇതിൽ 38% പേർ ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകളെയാണ് ആശ്രയിക്കുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ 25% പേർ ചെലവ് കുറയ്ക്കുന്നതിനായി ഭക്ഷണവിഭവങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി പറഞ്ഞു. 22% പേർ സാധനങ്ങൾ വാങ്ങാൻ കൂടുതൽ ഡിസ്കൗണ്ട് കൂപ്പണുകൾ ആശ്രയിക്കുന്നതായും വെളിപ്പെടുത്തി. 14% പേർ വിരുന്നിന് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണം വെട്ടിക്കുറച്ചതായി അറിയിച്ചു.








