മുംബൈ: കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്ന് താഴേക്ക് പതിച്ച് ആറുവയസ്സുകാരൻ മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള വസായ് നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവർ അപ്പാർട്ട്മെന്റിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
പതിനൊന്നാം നിലയിലെ ഇടനാഴിയിൽ സമീപത്തെ കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഷൂ റാക്കിന് മുകളിലേക്ക് കയറിയ കുട്ടി, അടുത്തായി തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെ വീട്ടുകാരും അയൽവാസികളും പരിഭ്രാന്തരായി ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
താഴെയുണ്ടായിരുന്ന പൈപ്പിന് മുകളിലേക്ക് വീണ കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നായ്ഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് മറ്റൊരു ഫ്ലാറ്റിന്റെ 12-ാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരിയും മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് ബിൽഡറുടെ അലംഭാവത്തെക്കുറിച്ചും ഉയർന്ന കെട്ടിടങ്ങളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കകളും ചോദ്യങ്ങളുമാണ് ഉയർത്തുന്നത്.








