അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ഇടുക്കിയിൽ വീണ്ടുമൊരു ഗജദൗത്യത്തിന് കളമൊരുങ്ങുന്നു. ചിന്നക്കനാൽ പ്രദേശത്തെ കാട്ടാനയായ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് അനുമതി നൽകിയതോടെ, ദൗത്യത്തിനായി രണ്ട് കുങ്കിയാനകളെ ജില്ലയിൽ എത്തിച്ചുകഴിഞ്ഞു. കോളർ ഘടിപ്പിച്ച ശേഷവും ചക്കക്കൊമ്പനെ ചിന്നക്കനാലിൽ തന്നെ നിലനിർത്താനാണ് തീരുമാനം. എങ്കിലും ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാനാകുന്നതോടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. ഇതിനിടെ, പ്രദേശത്തെ മറ്റ് പ്രധാന കാട്ടാനകൾക്കും സമാനമായ രീതിയിൽ റേഡിയോ കോളർ ഘടിപ്പിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്.
ചിന്നക്കനാൽ മേഖലയിലുള്ള 17 കാട്ടാനകളിൽ പ്രായപൂർത്തിയായ ഏക കൊമ്പനാണ് 25 വയസ്സുള്ള ചക്കക്കൊമ്പൻ. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലിറങ്ങി പ്ലാവിൽ നിന്നും ചക്ക പറിച്ചുതിന്നുന്ന സ്വഭാവമുള്ളതിനാലാണ് പ്രദേശവാസികൾ ഈ ഒറ്റയാന് ചക്കക്കൊമ്പൻ എന്ന പേര് നൽകിയത്. എത്ര ഉയരത്തിലുള്ള ചക്കയാണെങ്കിലും തുമ്പിക്കൈ നീട്ടി പറിച്ചെടുക്കാൻ ഈ കൊമ്പന് പ്രത്യേക കഴിവുണ്ട്. ആനയുടെ ശല്യം ഭയന്ന് കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലെ പ്ലാവുകളിലുള്ള ചക്കകൾ പൂർണ്ണമായും വെട്ടിക്കളയുന്ന അവസ്ഥയാണുള്ളത്.
ചക്ക തേടിയെത്തുന്ന കൊമ്പൻ കൃഷിയിടങ്ങളിലെ ഏലവും മറ്റ് വിളകളും വ്യാപകമായി നശിപ്പിക്കാറുണ്ട്. ചക്കയ്ക്ക് പുറമെ വാഴയും ഇവന്റെ ഇഷ്ടഭക്ഷണമാണ്. 2020 വരെ ജനവാസ കേന്ദ്രങ്ങളിലേക്ക് അപൂർവ്വമായി മാത്രമേ ചക്കക്കൊമ്പൻ ഇറങ്ങിയിരുന്നുള്ളൂ. അരിക്കൊമ്പനെ പേടിച്ചാണ് അക്കാലത്ത് ഇവൻ കാടിനുള്ളിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ 23-ന് പന്തടിക്കളം സ്വദേശിയായ വിജയനെ (47) ചവിട്ടിക്കൊന്ന സംഭവത്തിലും പ്രതിസ്ഥാനത്തുള്ളത് ഈ ഒറ്റയാനാണ്.








