നൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന സംഭവത്തിൽ ഏഴുവയസ്സുകാരി മരിച്ചു. ജയ്പൂർ സ്വദേശിയായ പിഹു കുമാവത്താണ് മരിച്ചത്. കുട്ടിയോടൊപ്പം നൂഡിൽസ് കഴിച്ച മൂത്ത സഹോദരി ദിവ്യാംശിയെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് പിഹുവും ദിവ്യാംശിയും ചേർന്ന് വീട്ടിൽ നൂഡിൽസ് തയ്യാറാക്കി കഴിച്ചത്. വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇരുവരും അവശനിലയിലായിരുന്നു. ഉടൻതന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിഹുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പരിശോധനയ്ക്കായി കുട്ടികൾ കഴിച്ച നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, ഇവരുടെ സഹോദരൻ ഗോവിന്ദ് മറ്റൊരു അസുഖത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലാണെന്നും വിവരമുണ്ട്








