കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ യോഗ്യതയെ ചോദ്യം ചെയ്തും പരിഹസിച്ചും സിപിഎം നേതാവ് ടി.എം. തോമസ് ഐസക് രംഗത്തെത്തി. സംഘപരിവാരങ്ങളോടുള്ള വിധേയത്വം മാത്രമാണ് സിസ തോമസിന്റെ യോഗ്യതയെന്നും, കേരളത്തിൽ സംഘപരിവാർ നോമിനികളായി വൈസ് ചാൻസലർമാരും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുമായി നിയമിതരായവരുടെ മുഴുവൻ അക്കാദമിക് പശ്ചാത്തലവും പരിശോധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി.
സംസ്കൃത സർവകലാശാലയുടെ തലപ്പത്തിരിക്കുന്നയാൾക്ക് ആ വിഷയത്തിൽ പ്രാഥമിക അറിവോ പ്രാവീണ്യമോ ഉണ്ടാകേണ്ടതുണ്ടെന്നും, സംസ്കൃത അക്ഷരമാല പോലും വശമില്ലാത്ത സിസ തോമസിന് ഈ പദവിയിലിരിക്കാൻ എന്ത് അർഹതയാണുള്ളതെന്നും തോമസ് ഐസക് ചോദിക്കുന്നു. യോഗ്യതയില്ലാത്ത സ്ഥാനത്തിരുന്നുകൊണ്ട് വിദ്യാർത്ഥികളുടെ അച്ചടക്കത്തെയും പഠനത്തെയും കുറിച്ച് സംസാരിക്കാൻ നാണമില്ലേ എന്നും അദ്ദേഹം വിമർശിച്ചിട്ടുണ്ട്. കാലടി സർവകലാശാലയിൽ സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സിസ തോമസ് കർശന നിയമനടപടികൾ സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിമർശനം. രാജ്യത്തുടനീളം സംഘപരിവാർ നിയമിക്കുന്ന വൈസ് ചാൻസലർമാർക്ക് വേണ്ട ഏക യോഗ്യത ആ പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം മാത്രമാണെന്നും തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.







