ഓട്ടവ : കാനഡയിലെ ഗ്രാമീണ-വിദൂര മേഖലകളിലെ രൂക്ഷമായ തൊഴിൽക്ഷാമത്തിന് പരിഹാരം കണ്ടെത്തുന്നതിനായുള്ള റൂറല്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍ പൈലറ്റ് (RCIP) പ്രോഗ്രാമിനെ സ്ഥിരമായ ഔദ്യോഗിക കുടിയേറ്റ പ്രോഗ്രാമാക്കി ഫെഡറൽ സർക്കാർ. നോവസ്കോഷയിലെ സ്റ്റെല്ലാർട്ടണിൽ നടന്ന ചടങ്ങിൽ 2027 ജനുവരി 1 മുതല്‍ പദ്ധതി സ്ഥിരപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ഡയബ് പ്രഖ്യാപിച്ചു. രാജ്യത്തെ ചെറുപട്ടണങ്ങളിലേക്കും തൊഴിലാളി ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനും നിലനിർത്താനുമാണ് റൂറല്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. 2027-2029 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ പ്രകാരം, 2027-ല്‍ ഈ പദ്ധതി വഴി 5,500 പേര്‍ക്ക് സ്ഥിരതാമസം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇത് 2028-ല്‍ 6,000 ആയും 2029-ല്‍ 6,500 ആയും ഉയര്‍ത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും വര്‍ക്ക് പെര്‍മിറ്റിനും ഇതിലൂടെ അപേക്ഷിക്കാവുന്നതാണ്.
നോവസ്കോഷ, ഒൻ്റാരിയോ, മാനിറ്റോബ, സസ്കച്വാന്‍, ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ 14 ഗ്രാമീണ കമ്മ്യൂണിറ്റികളിൽ തൊഴിലുടമകളുടെയും പ്രാദേശിക സാമൂഹിക കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പ്രോഗ്രാം നിലവിലുണ്ട്. ഭാവിയിൽ കൂടുതൽ ഗ്രാമീണ കമ്മ്യൂണിറ്റികളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇമിഗ്രേഷൻ മന്ത്രി അറിയിച്ചു.
പുതിയ റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പ്രോഗ്രാം (RCIP) പ്രകാരം കമ്മ്യൂണിറ്റികൾക്ക് 2027 ജനുവരി 1 മുതൽ പുതിയ അപേക്ഷകർക്കുള്ള ലെറ്ററുകൾ നൽകുന്നത് ആരംഭിക്കാം. നിലവിലെ പൈലറ്റ് പദ്ധതി പ്രകാരമുള്ള ലെറ്ററുകൾ 2026 ഡിസംബർ 31 വരെ കമ്മ്യൂണിറ്റികൾക്ക് വിതരണം ചെയ്യാം. ഇത്തരത്തിൽ 2026 ഡിസംബർ 31-നോ അതിനുമുമ്പോ ലഭിക്കുന്ന സാധുവായ പൈലറ്റ് റെക്കമൻഡേഷനുകൾ ഉള്ളവർക്ക് 2027 ജൂൺ 30 വരെ സ്ഥിരതാമസത്തിനായുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഗ്രാമീണ മേഖലകളിലെ രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ജനസംഖ്യാ വര്‍ധന ഉറപ്പാക്കാനും ഈ നീക്കം ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.







