സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം വർധിച്ചതിനെത്തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സ്പാനിഷ് സർക്കാരിനോട് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടു. ദ്വീപുകൾക്ക് സ്വന്തമായി ഭരണസംവിധാനമുണ്ടെങ്കിലും പ്രധാന കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്പാനിഷ് സർക്കാരാണ്. സ്ഥിതിഗതികൾ ഗുരുതരമായതിനെത്തുടർന്ന്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ചൊവ്വാഴ്ച മന്ത്രിതല കമ്മീഷന്റെ അടിയന്തര യോഗം വിളിക്കാൻ സമ്മതിച്ചതായി കാനറി ദ്വീപ് പ്രസിഡന്റ് ഫെർണാണ്ടോ ക്വിജോ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ മാത്രം എൽ ഹിയേരോ ദ്വീപിൽ എണ്ണായിരത്തിലധികം കുടിയേറ്റക്കാർ എത്തിയതിനെത്തുടർന്ന് അവിടെ സാമൂഹിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ മാത്രം 49 ബോട്ടുകളിലായി 4,587 പേരാണ് കാനറി ദ്വീപുകളിൽ എത്തിയത്. ഇതിൽ ഭൂരിഭാഗം ബോട്ടുകളും എത്തിയ എൽ ഹിയേരോ ദ്വീപിലെ പ്രാദേശിക സംവിധാനങ്ങൾക്ക് ഇത് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.
ജനങ്ങളുടെ ഇടയിൽ പ്രതിഷേധം ശക്തമായതിനാൽ സ്പാനിഷ് സർക്കാരും യൂറോപ്യൻ യൂണിയനും അടിയന്തരമായി ഇടപെടണമെന്ന് ക്വിജോ ആവശ്യപ്പെട്ടു. പ്രശ്നം ഗുരുതരമായ ശേഷം ഇടപെടുന്ന രീതി ഇനി അംഗീകരിക്കാനാവില്ലെന്നും, സമയബന്ധിതമായ കർമ്മപദ്ധതി ഈ യോഗം തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നേരിടാൻ കാനറി ദ്വീപുകൾക്കാകില്ലെന്നും, സ്പാനിഷ് സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും കൂട്ടായ പിന്തുണ ആവശ്യമാണെന്നുമാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിലപാട്.







