കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ ചെക്പോസ്റ്റുകളിൽ ലഹരിക്കടത്ത് തടയാൻ കർശന പരിശോധന നടത്തുമ്പോഴും, ഇവിടെ സേവനമനുഷ്ഠിക്കുന്ന അമ്പതിലധികം ഉദ്യോഗസ്ഥർ കടുത്ത സുരക്ഷാപ്രശ്നങ്ങളും അവഗണനയുമാണ് നേരിടുന്നത്. കർണാടകയിൽ നിന്നും അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്താൻ ക്രോസ്ബാറോ ശാസ്ത്രീയ ബാരിക്കേഡുകളോ ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വാഹനം നിർത്താതെ പാഞ്ഞുപോകുമ്പോൾ ജീവൻ പണയം വെച്ച് ഉദ്യോഗസ്ഥർക്ക് റോഡിലിറങ്ങേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. മുൻപ് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ലഹരിക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചതുൾപ്പെടെയുള്ള ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ടും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സുരക്ഷാ സംവിധാനങ്ങളുടെ കുറവിനൊപ്പം കടുത്ത പ്രാഥമിക സൗകര്യങ്ങളുടെ അഭാവവും ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്. കുടിവെള്ളത്തിനായി കിണറോ സ്ഥിര സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഇവർ സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. ശുചിമുറി ആവശ്യങ്ങൾക്ക് പോലും സമീപത്തെ പുഴയിലെ വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് മണിക്കൂറുകളോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ ആർപി ചെക്പോസ്റ്റിനായി കണ്ടെയ്നർ എത്തിച്ചെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ അത് ഇതുവരെ തുറന്നു പ്രവർത്തിക്കാനുമായിട്ടില്ല.
പോലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പുകൾക്കായി അടുത്തടുത്തുള്ള മൂന്ന് ചെക്പോസ്റ്റുകൾ ഇവിടെയുണ്ടെങ്കിലും റോഡിന് കുറുകെ ഒരു ഗേറ്റോ ബാരിക്കേഡോ സ്ഥാപിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിൽ ഇടിച്ചാൽ തെറിച്ചുപോകുന്ന ചെറിയ പ്ലാസ്റ്റിക് കൂറ്റികൾ മാത്രമാണ് നിലവിലുള്ള ഏക ആശ്രയം. എന്നാൽ തൊട്ടടുത്തുള്ള കർണാടകയുടെ ചെക്പോസ്റ്റുകളിൽ കർശനമായ ബാരിക്കേഡ് ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നിരിക്കെ, കേരളത്തിന്റെ ഭാഗത്തു മാത്രം ഇത്തരം ആധുനിക സംവിധാനങ്ങൾ ഒഴിവാക്കപ്പെടുന്നത് പരിശോധനയുടെ കാര്യക്ഷമതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.







