കൊലപാതകക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ജയിലിൽ കഴിയവേ രഹസ്യമായി വിദേശവിനോദയാത്ര നടത്തിയത് വൻ വിവാദമാകുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലുള്ള നർസിങ്പുര ബിറാനി തുറന്ന ജയിലിലെ തടവുകാരനായ ബിക്രംജിത് സിങ് (28) എന്നയാളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് തായ്ലൻഡിലേക്ക് കടന്നത്. പ്രതി വിദേശത്തായിരുന്ന സമയത്തും ജയിൽ രജിസ്റ്ററിൽ കൃത്യമായി ഹാജർ രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജയിൽ ജീവനക്കാരുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സിങ്ങിന്റെ പീഡനത്തെക്കുറിച്ചും ഭീഷണിയെക്കുറിച്ചും ഒരു യുവതി രാജസ്ഥാൻ ജയിൽ ഡയറക്ടർ ജനറൽ മനോജ് ഭട്ടാചാര്യയ്ക്ക് നൽകിയ പരാതിയാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ ഇടയാക്കിയത്. തുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കിടെ ഓഗസ്റ്റ് 3-ന് ജയ്പൂർ അപക്സ് സർക്കിൾ റോഡിൽ വെച്ച് സിങ്ങിന്റെ സഹോദരന്റെ കാർ പോലീസ് പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ ലഭിച്ചത്. വാഹനത്തിൽ നിന്ന് സിങ്ങിന്റെ പാസ്പോർട്ടിനൊപ്പം തോക്കും 40 ഗ്രാം ഹഷീഷും പിടിച്ചെടുത്തു. ഈ പാസ്പോർട്ട് പരിശോധിച്ചതോടെയാണ് 2025 ഒക്ടോബർ 9 മുതൽ 13 വരെയുള്ള തീയതികളിൽ ഇയാൾ തായ്ലൻഡ് സന്ദർശിച്ചതായി വ്യക്താമായത്.
2018-ൽ കൊലപാതകക്കേസിൽ അറസ്റ്റിലാകുമ്പോൾ പോലീസ് ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടിയിരുന്നില്ല. 2023-ൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്നാണ് ഇയാളെ തടവിലാക്കുന്നത്. പിന്നീട് 2026 ഒക്ടോബറോടെ ഇയാളെ തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിൽ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി ശിക്ഷാകാലയളവിൽ പ്രതി എങ്ങനെ വിദേശയാത്ര നടത്തി എന്നതിനെക്കുറിച്ചും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്.







