മൺട്രിയോൾ: ക്യുബെക്കിൽ ഹാലോവീൻ ആഘോഷത്തിനിടെ ലഭിച്ച, കഞ്ചാവ് കലർത്തിയ ചോക്ലറ്റ് കഴിച്ചതിനെത്തുടർന്ന് നാല് വയസ്സുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രവിശ്യാ പൊലീസായ സുറെറ്റെ ഡു ക്യുബെക്ക് അന്വേഷണം ആരംഭിച്ചു.
ചോക്ലറ്റ് കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെടുകയും വായിൽ നിന്നും ഉമിനീർ ഒലിക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ നഴ്സ് കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ച് അവരെ തിരിച്ചയച്ചെങ്കിലും, ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ നടത്തിയ മൂത്രപരിശോധനയിൽ, കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഹരിയുണ്ടാക്കുന്ന ‘ടിഎച്ച്സി’ (THC) എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തി.
ചെറിയ കുട്ടികളിൽ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കൾ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഒരു ഡോക്ടറെയോ അല്ലെങ്കിൽ ക്യുബെക്ക് പോയിസൺ കൺട്രോൾ സെന്ററിനെയോ (Quebec poison control centre) ബന്ധപ്പെടണം.







