കലിഫോർണിയയിലെ സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിൽ നടന്ന സ്കൈഡൈവിങ് പരിപാടിക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് അനുഭവസമ്പന്നരായ വനിതാ സ്കൈഡൈവർമാർ കൊല്ലപ്പെട്ടു. ഇലിനോയ് അറോറ സ്വദേശിയായ ലെവി പിമെന്റൽ (29), സൗത്ത് ഡക്കോട ബോക്സ് എൽഡർ സ്വദേശിയായ ജോർജിയ ജീൻ (56) എന്നിവരാണ് മരണപ്പെട്ടതെന്ന് റിവർസൈഡ് കൗണ്ടി കോറോണർ ഓഫീസ് അറിയിച്ചു.
സ്കൈഡൈവിങ്ങിന്റെ പ്രാരംഭ ഘട്ടങ്ങളും പാരച്യൂട്ട് വിടർത്തലും സാധാരണ നിലയിലാണ് നടന്നതെങ്കിലും നിലത്തിറങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ദുരന്തമുണ്ടായത്. ഭൂമിയിൽ നിന്ന് ഏകദേശം 150 അടി ഉയരത്തിൽ വെച്ച് ഇരുവരും തമ്മിൽ ആകാശത്തുവെച്ച് കൂട്ടിയിടിക്കുകയും പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങുകയുമായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തേക്ക് പതിച്ച ഇവർക്ക് ഗുരുതരമായി പരുക്കേറ്റു. എമർജൻസി സന്ദേശം ലഭിച്ച് റിവർസൈഡ് കൗണ്ടി ഷെരീഫ് വിഭാഗം ഉടനടി സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ലൈസൻസുള്ള വിദഗ്ധരായ സ്കൈഡൈവർമാർ പങ്കെടുത്ത ഈ പരിപാടിയിൽ ഉപകരണങ്ങൾക്ക് യാതൊരുവിധ സാങ്കേതിക തകരാറുകളും സംഭവിച്ചിട്ടില്ലെന്നാണ് സംഘാടകരായ കമ്പനി വ്യക്തമാക്കിയത്. മറ്റ് നഗരങ്ങളിൽ നിന്ന് ഇവന്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കിയെങ്കിലും ജീവൻ രക്ഷിക്കാനാവാത്തതിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകരും പ്രാദേശിക സമൂഹവും.







