സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ പുതിയ വഴിയൊരുങ്ങുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ) ഓഗ്മെന്റ് എന്റർപ്രൈസസ് ലിമിറ്റഡും ചേർന്ന് അവതരിപ്പിച്ച ഇലക്ട്രോണിക് ഗോൾഡ് റെസീറ്റ് (ഇജിആർ) പ്ലാറ്റ്ഫോം ആദ്യ ദിനം തന്നെ വലിയ വിജയമായി മാറി. തുടക്ക ദിവസത്തിൽ തന്നെ 33 കോടി രൂപയുടെ ഇടപാടുകളാണ് ഈ പ്ലാറ്റ്ഫോം വഴി നടത്തിയത്. ആകെ 2.27 ലക്ഷം യൂണിറ്റുകൾ അതായത് ഏകദേശം ആറു കിലോഗ്രാം സ്വർണമാണ് ഇതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. ഓരോ ഇജിആറും 100 മില്ലിഗ്രാം ഭൗതിക സ്വർണത്തിന് തുല്യമാണ്.
വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) കർശന ചട്ടക്കൂടിലാണ് ഇജിആർ പ്രവർത്തിക്കുന്നത്. ഭൗതിക സ്വർണത്തെ ഡിജിറ്റൽ സെക്യൂരിറ്റിയാക്കി മാറ്റി ഓഹരികൾ പോലെ ഓഹരി വിപണിയിലൂടെ എളുപ്പത്തിൽ വ്യാപാരം നടത്താൻ ഇതുവഴി സാധിക്കുന്നു. നിക്ഷേപകർക്ക് ഡിമാറ്റ് അക്കൗണ്ട് വഴി ഡിജിറ്റൽ രൂപത്തിലാണ് ഇജിആറുകൾ സൂക്ഷിക്കാൻ കഴിയുന്നത്. സാധാരണ ട്രേഡിങ് സമയങ്ങളിൽ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി ഇവ എപ്പോൾ വേണമെങ്കിലും വാങ്ങി വിൽക്കുകയും ചെയ്യാം.
ഈ പദ്ധതിയിലൂടെ നിരവധി നേട്ടങ്ങളാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. വെറും 700 മുതൽ 800 രൂപ വരെ മുടക്കി 100 മില്ലിഗ്രാം മുതൽ 1 കിലോ വരെയുള്ള അളവുകളിൽ സ്വർണം വാങ്ങാൻ സാധിക്കുമെന്നതിനാൽ വലിയ തുക ഒന്നിച്ച് നിക്ഷേപിക്കാൻ കഴിയാത്തവർക്കും ഇത് മികച്ചൊരു അവസരമാണ്. കൂടാതെ, ഇജിആറുകൾക്ക് പിന്നിൽ സെബി അംഗീകൃത വോൾട്ടുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യഥാർഥ സ്വർണത്തിന്റെ പിൻബലവുമുണ്ട്. നിക്ഷേപകർക്ക് ആവശ്യമെങ്കിൽ ഈ ഇജിആറുകൾ തിരികെ നൽകി പകരം യഥാർത്ഥ സ്വർണ ബാറുകളോ കോയിനുകളോ കൈപ്പറ്റാനും സാധിക്കും. സ്വർണ വ്യാപാരത്തിൽ പൂർണ്ണ സുതാര്യതയും കൃത്യമായ വില നിർണയവും സെബിയുടെ മേൽനോട്ടത്തിലുള്ള സുരക്ഷയും ഈ സംവിധാനം ഉറപ്പുനൽകുന്നുണ്ട്.







