എഡ്മിന്‍റൻ : പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ആൽബർട്ടയിലെ എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ പരുമല പദയാത്ര വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. നവംബർ 7 ശനിയാഴ്ച രാവിലെ 9.30-ന് എഡ്മിന്‍റനിലെ സെൻ്റ് തോമസ് മോർ കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആരംഭിച്ച പദയാത്ര, നഗരത്തിലെ മനോഹരമായ റിവർവാലി പാതകളിലൂടെ ഏകദേശം 12 കിലോമീറ്റർ പിന്നിട്ട് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ സമാപിച്ചു. മുപ്പതിലധികം വിശ്വാസികൾ പദയാത്രയിൽ പങ്കുചേർന്നു.

ഇടവക വികാരി ഫാ. സെറാ പോൾ, സസ്കാച്വാൻ തലസ്ഥാനമായ റെജൈനയിലെ സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് കോൺഗ്രിഗേഷൻ വികാരി ഫാ. പയസ് എൽ. ജേക്കബ്, ബ്രിട്ടിഷ് കൊളംബിയയിലെ ചില്ലിവാക്ക് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഫാ. ഡോ. പോൾ വർഗീസ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. യാത്രാമധ്യേ ആൽഫ്രഡ് എച്ച്. സാവേജ് സെന്‍ററിൽ വിശ്രമത്തിനും ഉച്ചഭക്ഷണത്തിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

കാനഡയിൽ സ്ഥാപിതമായ ആദ്യ മലങ്കര ഓർത്തഡോക്സ് ഇടവകയും പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ രാജ്യത്തെ ആദ്യ ഇടവകയുമെന്ന ചരിത്രപ്രാധാന്യമുള്ള എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നതായിരുന്നു പദയാത്ര. ആൽബർട്ട, സസ്കാച്വാൻ, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽനിന്നുള്ള വൈദികരുടെ സാന്നിധ്യം പദയാത്രയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി. ഇടവകയിലെ സംഘാടകരുടെയും സന്നദ്ധപ്രവർത്തകരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമമാണ് ചരിത്രപ്രാധാന്യമുള്ള ഈ സംരംഭം വിജയകരമാക്കിയത്. കാനഡയിലെ മലങ്കര ഓർത്തഡോക്സ് വിശ്വാസികൾക്കിടയിലെ ആത്മീയ കൂട്ടായ്മയുടെയും സഭാസ്നേഹത്തിന്‍റെയും പ്രതിഫലനമായി ഈ സംഗമം മാറി.







