എഡ്മിന്‍റൻ : നാല് പതിറ്റാണ്ടിന് ശേഷം പുതിയ ഒഫീഷ്യൽ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട സർക്കാർ. ബാൻഫ് നാഷണൽ പാർക്കിലെ പ്രശസ്തമായ മൊറൈൻ തടാകത്തിൻ്റെ ചിത്രവും ‘സ്ട്രോങ് ആൻഡ് ഫ്രീ’ എന്ന മുദ്രാവാക്യവുമാണ് പുതിയ പ്ലേറ്റിലുള്ളത്. 1984 മുതൽ ഉപയോഗിച്ചിരുന്ന പഴയ പ്ലേറ്റുകളിലെ “Wild Rose Country” എന്ന മുദ്രാവാക്യത്തിന് പകരമായാണ് പുതിയ മുദ്രാവാക്യം ഉപയോഗിച്ചിരിക്കുന്നത്. നവംബർ ഒമ്പത് തിങ്കളാഴ്ച മുതൽ പുതിയ പ്രവിശ്യയിലെ എല്ലാ രജിസ്ട്രി ഓഫീസുകൾ വഴി പുതിയ പ്ലേറ്റുകൾ ലഭ്യമാകും. വാഹന രജിസ്ട്രേഷൻ പുതുക്കുമ്പോൾ പുതിയ പ്ലേറ്റ് സ്വന്തമാക്കാം. കൂടാതെ രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ആവശ്യമായ ഫീസ് അടച്ചും പുതിയ പ്ലേറ്റ് വാങ്ങാം.
പ്രവിശ്യയുടെ ലാറ്റിൻ മുദ്രാവാക്യവുമായി ബന്ധപ്പെട്ടതും കാനഡയുടെ ദേശീയ ഗാനത്തിലെ വരികളെ ഓർമ്മിപ്പിക്കുന്നതുമാണ് ‘സ്ട്രോങ് ആൻഡ് ഫ്രീ’ എന്ന സ്ലോഗൻ. ഇതിനൊപ്പം ഏറെക്കാലമായി ഉപയോഗത്തിലുള്ള ‘വൈൽഡ് റോസ് കൺട്രി’ എന്ന സ്ലോഗനും പുതിയ പ്ലേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവിശ്യാതലത്തിൽ നടത്തിയ ജനകീയ മത്സരത്തിലൂടെയാണ് പുതിയ ഡിസൈൻ വിജയിയായി തിരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളിലായി നടന്ന വോട്ടെടുപ്പിൽ രണ്ടര ലക്ഷത്തോളം പേർ (240,000-ലധികം വോട്ടുകൾ) പങ്കെടുത്തു.







