അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ മിഷിഗണിലെ യുഎസ് സെനറ്റ് മത്സരത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പില്‍ അബ്ദുള്‍ എല്‍-സയ്യിദിനോട് പരാജയപ്പെട്ട കോണ്‍ഗ്രസ് അംഗം ഹേലി സ്റ്റീവന്‍സ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മൈക്ക് റോജേഴ്സിനെ പിന്തുണയ്ക്കാനുള്ള തീരുമാനം സ്റ്റീവന്‍സ് അറിയിച്ചത്.
ഞായറാഴ്ച ഡിട്രോയിറ്റിലെ ഒരു ദേവാലയത്തില്‍ മൈക്ക് റോജേഴ്സിനൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷമാണ് സ്റ്റീവന്‍സ് തന്റെ തീരുമാനം പരസ്യമാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ വീണ്ടും ചര്‍ച്ചയായി.
ഓഗസ്റ്റില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ അബ്ദുള്‍ എല്‍-സയ്യിദ് ഹേലി സ്റ്റീവന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. പ്രൈമറിക്കുശേഷം എല്‍-സയ്യിദിനെ പിന്തുണയ്ക്കുമെന്ന് സ്റ്റീവന്‍സ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്രയേല്‍-പലസ്തീന് വിഷയത്തിലും രാഷ്ട്രീയ കമന്റേറ്ററായ ഹസന് പൈക്കറുമായുള്ള എല്‍-സയ്യിദിന്റെ ബന്ധത്തിലും ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. ഹസന് പൈക്കറിന്റെ ചില പ്രസ്താവനകളെ സ്റ്റീവന്‍സ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനിടെ എല്‍-സയ്യിദിനൊപ്പം പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് സ്റ്റീവന്‍സിനെ ഒഴിവാക്കിയതും ഇരുവരും തമ്മിലുള്ള ഭിന്നത പരസ്യമാക്കി.
നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ മിഷിഗണിലെ സെനറ്റ് സീറ്റ് യുഎസ് സെനറ്റിലെ അധികാരസന്തുലിതാവസ്ഥ നിര്‍ണയിക്കുന്നതിലും നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ സ്റ്റീവന്‍സ് നടത്തിയ നീക്കം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകളെ വീണ്ടും ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ്. എന്നാല്‍ ഈ പിന്തുണമാറ്റം വോട്ടര്‍മാരുടെ തീരുമാനത്തെ എത്രത്തോളം സ്വാധീനിക്കുമെന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴേ വ്യക്തമാകൂ.







