കള്ളനോട്ട് കേസിൽ ഉൾപ്പെട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോക്കറിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗലഛർദ്ദി (ആംബർഗ്രിസ്) പോലീസ് പിടിച്ചെടുത്തു. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയായ സിബിയോൺ (37) എന്നയാളുടെ വാടി ഹാർബറിലെ മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽ നിന്നാണ് പള്ളിത്തോട്ടം പോലീസ് ഇത് കണ്ടെടുത്തത്. ചാക്കിൽ നാല് പൊതികളിലായി സൂക്ഷിച്ചിരുന്ന 22.480 കിലോഗ്രാം തിമിംഗലഛർദ്ദിയാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 25 കോടി രൂപയോളം വില വരുമെന്നാണ് കണക്കാക്കുന്നത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ പള്ളിത്തോട്ടം എസ്എച്ച്ഒ പ്രതിഭ ജി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാടി ഹാർബറിലെത്തി പരിശോധന നടത്തിയത്. സിബിയോണിന്റെ പത്താം നമ്പർ ലോക്കറിന്റെ പൂട്ട് പൊളി അകത്തുകയറിയ ഉദ്യോഗസ്ഥർ ചാക്കുകെട്ടിൽ സൂക്ഷിച്ച നിലയിൽ ആംബർഗ്രിസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച തൊണ്ടിമുതൽ കൂടുതൽ നടപടികൾക്കായി അഞ്ചലിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.







