newsroom@amcainnews.com

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഫണ്ട് നൽകണം; ടൊറോന്റോയിൽ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂറ്റൻ റാലി

Teachers, education workers rally in Toronto calling for more funding for education

ഒന്റാറിയോയിലെ വിദ്യാഭ്യാസ യൂണിയനുകൾ സട്രൈക്ക് വോട്ടിംഗിലേക്ക് (പണിമുടക്ക് വോട്ടെടുപ്പ്) നീങ്ങുന്നതിനിടെ ലണ്ടൻ, ഒട്ടാവ, സുഡ്ബറി, തണ്ടർ ബേ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.  പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രവിശ്യാ ഭരണകൂടം കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഒന്റാറിയോയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും വിദ്യാർത്ഥികളും അവരുടെ പിന്തുണക്കാരും ചേർന്ന് കൂറ്റൻ റാലികൾ നടത്തി.

പ്രവിശ്യാ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ക്വീൻസ് പാർക്കിന് മുന്നിലെ ടൊറോന്റോ റാലിയിൽ പങ്കെടുത്തവർ, ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതായി ആരോപിച്ചു. വിദ്യാർത്ഥി പ്രതിശീർഷ ഫണ്ടിൽ കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ സംസാരിച്ചു.  “ഒന്റാറിയോയിലെ പൊതുവിദ്യാഭ്യാസ സംവിധാനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്,” ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ CUPE-ന്റെ ഒന്റാറിയോ സ്കൂൾ ബോർഡ് കൗൺസിൽ ഓഫ് യൂണിയൻസ് പ്രസിഡന്റ് ജോ ടിഗാനി പറഞ്ഞു.

2018 മുതൽ പ്രവിശ്യാ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ 6.5 ബില്യൺ ഡോളറിന്റെ ഫണ്ട് കുറവ് വരുത്തിയതായി പ്രതിഷേധക്കാർ ആരോപിച്ചു. ക്ലാസ് മുറികളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന (Special education) വിദ്യാർത്ഥികൾക്ക് കൂടുതൽ പിന്തുണ നൽകുക, അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് അവർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.  എന്നാൽ പൊതുവിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുന്നതിനായി പ്രവിശ്യാ സർക്കാർ 30.6 ബില്യൺ ഡോളർ അടിസ്ഥാന വിദ്യാഭ്യാസ ഫണ്ടായി നൽകുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ കലാൻഡ്ര സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2026-ലെ ചെലവ് പദ്ധതിയെക്കുറിച്ച് ഒന്റാറിയോ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തുവിട്ട സമീപകാല റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധക്കാർ ഇതിനെ എതിർത്തത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിദ്യാർത്ഥി പ്രതിശീർഷ ഫണ്ടാണ് ഈ പദ്ധതിയിലുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.  ടൊറോന്റോയ്ക്ക് പുറമെ ലണ്ടൻ, ഒട്ടാവ, സുഡ്ബറി, തണ്ടർ ബേ എന്നിവിടങ്ങളിലും ഒരേ സമയം പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മുൻ കരാറിന്റെ കാലാവധി ഓഗസ്റ്റ് അവസാനത്തോടെ അവസാനിച്ചതിനെത്തുടർന്ന് ഒന്റാറിയോയിലെ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും കരാറുകളൊന്നുമില്ലാതെയാണ് നിലവിൽ ജോലി ചെയ്യുന്നത്.

ഏതൊക്കെ വിഷയങ്ങളാണ് കേന്ദ്രീകൃതമായി (പ്രവിശ്യാ തലത്തിൽ) ചർച്ച ചെയ്യേണ്ടത്, ഏതൊക്കെ വിഷയങ്ങളാണ് അതത് സ്കൂൾ ബോർഡുകൾക്കും പ്രാദേശിക യൂണിയനുകൾക്കും വിട്ടുകൊടുക്കേണ്ടത് എന്ന കാര്യത്തിൽ യൂണിയനുകളും പ്രവിശ്യാ സർക്കാരും തമ്മ നിലനിൽക്കുന്ന തർക്കത്തിൽ ഒന്റാറിയോ ലേബർ റിലേഷൻസ് ബോർഡ് (OLRB) തീരുമാനമെടുക്കാൻ വൈകുന്നതിനാൽ ചർച്ചകൾ നിലച്ചിരിക്കുകയാണ്.  സ്കൂൾ ബോർഡുകളും വിദ്യാഭ്യാസ യൂണിയനുകളും കരാറുകൾ എങ്ങനെയൊക്കെ ചർച്ച ചെയ്യണമെന്ന് നിശ്ചയിക്കുന്ന രണ്ട് തലങ്ങളുള്ള ചർച്ചാ സംവിധാനമാണ് (two-tiered bargaining system) പ്രവിശ്യ ഉപയോഗിക്കുന്നത്. കരാർ ചർച്ചകൾക്കിടയിൽ കേന്ദ്രീകൃത ചർച്ചയിലോ പ്രാദേശിക ചർച്ചയിലോ ഏതൊക്കെ വിഷയങ്ങളാണ് ഉൾപ്പെടേണ്ടതെന്ന് അധ്യാപക യൂണിയനുകളും സ്കൂൾ ബോർഡുകളും പ്രവിശ്യയും സാധാരണയായി തീരുമാനിക്കാറുണ്ട്.

ടൊറോന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്റെ വെബ്സൈറ്റ് അനുസരിച്ച്, ശമ്പളവും ആനുകൂല്യങ്ങളും പോലുള്ള പ്രധാന വിഷയങ്ങളാണ് കേന്ദ്രീകൃത ചർച്ചകളിൽ വരുന്നത്; എന്നാൽ പ്രാദേശിക ചർച്ചകളിൽ അതത് സ്കൂൾ ബോർഡുകൾക്ക് മാത്രമുള്ള പ്രത്യേക വിഷയങ്ങളാണ് ഉൾപ്പെടുന്നത്.  ഒന്റാറിയോയിലെ എല്ലാ പ്രധാന വിദ്യാഭ്യാസ യൂണിയനുകളും നവംബർ മാസത്തിൽ പണിമുടക്ക് വോട്ടെടുപ്പ് (strike votes) നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  സിബിസി ടൊറോന്റോയ്ക്ക് ഇമെയിൽ വഴി നൽകിയ പ്രസ്താവനയിൽ, യൂണിയനുകൾ OLRB-യെ സമീപിക്കാനുള്ള അവകാശത്തെ മാനിക്കുന്നുണ്ടെങ്കിലും, ആ നടപടിക്രമങ്ങൾ “ചർച്ചകൾ തുടരുന്നത് വൈകിപ്പിച്ചു” എന്ന് ഒന്റാറിയോ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പറഞ്ഞു.  “OLRB പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, യൂണിയനുകൾ തയ്യാറാകുന്ന ഏത് സമയത്തും ചർച്ച നടത്താൻ ഞങ്ങൾ സദ്ധരാണ്,” മന്ത്രി കലാൻഡ്രയുടെ പ്രസ് സെക്രട്ടറി എമ്മ ടെസ്റ്റാനി പറഞ്ഞു.  “സമയത്തിന് മുൻപുള്ള പണിമുടക്ക് ഭീഷണികൾ വിദ്യാർത്ഥികളുടെ താല്പര്യങ്ങൾക്ക് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല, രക്ഷിതാക്കളിൽ അനാവശ്യ ഭീതി പരത്തുകയും ചെയ്യും,” ടെസ്റ്റാനി കൂട്ടിച്ചേർത്തു.  “ഞങ്ങളുടെ ശ്രദ്ധ കൃത്യമായ സ്ഥാനത്താണ് — ചർച്ചകളിൽ പങ്കെടുത്ത് വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ തന്നെ നിലനിർത്തുന്ന രീതിയിൽ ഒരു കരാറിലെത്തുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.”

You might also like

ഷിക്കാഗോ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍

ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കാൻസസില്‍ യുവാവ് അറസ്റ്റില്‍

സീറ്റുകളുടെ തകരാർ: കാനഡയിൽ ടൊയോട്ട സിയെന്ന ഹൈബ്രിഡ്’ മിനിവാനുകൾ തിരിച്ചുവിളിച്ചു

ഇടക്കാല തിരഞ്ഞെടുപ്പ്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

ലാൻഡിങ് ഗിയർ തകരാർ; ടെക്സസിൽ വ്യോമസേന പരിശീലന വിമാനം തകർന്നു, പൈലറ്റുമാർ രക്ഷപ്പെട്ടു

കാനഡ പെൻഷൻ പ്ലാൻ (CPP) 28 മുതൽ അക്കൗണ്ടിലേക്ക്

Top Picks for You
Top Picks for You