ഒന്റാറിയോ സർക്കാരിൽ നിന്ന് ശക്തമായ എൻഫോഴ്സ്മെന്റും കൂടുതൽ നിയമപരമായ അധികാരങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ.
ഓന്റാറിയോയിലെ കാലെഡൺ നഗരത്തിലെ അടുത്ത മേയറാകാൻ മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളും പ്രദേശത്തെ നിയമവിരുദ്ധ ട്രക്കിംഗ് പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ പത്ത് വർഷമായി കാലെഡണിലുടനീളമുള്ള ആളൊഴിഞ്ഞ കൃഷിഭൂമികൾ കൈയടക്കി അനധികൃത ട്രക്ക് യാർഡുകൾ പ്രവർത്തിച്ചു വരികയാണ്. നഗരസഭയുടെ കൃത്യമായ സോണിംഗ് അനുമതിയോ ലൈസൻസോ അംഗീകാരമോ ഇല്ലാതെ ട്രക്കുകൾ പാർക്ക് ചെയ്യാനും സാധനങ്ങൾ സൂക്ഷിക്കാനും ഡ്രൈവർമാർക്ക് വിശ്രമിക്കാനുമാണ് ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നത്. ഈ അനധികൃത ട്രക്ക് ഡിപ്പോകൾ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം, റോഡുകളിലെ ഗതാഗതക്കുരുക്ക്, സുരക്ഷാ ഭീഷണികൾ, ഭൂവിനിയോഗ നിയമലംഘനങ്ങൾ എന്നിവ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടുത്തതായി അധികാരത്തിൽ വരുന്ന നഗരസഭാ ഭരണകൂടം ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നത്. “വീടുകളിലെ സമാധാനാന്തരീക്ഷം നാട്ടുകാർക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ സുരക്ഷിതത്വവുമില്ല,” കാലെഡൺ കമ്മ്യൂണിറ്റി റോഡ് സേഫ്റ്റി അഡ്വക്കസി ഗ്രൂപ്പിലെ അമാൻഡ കോർബെറ്റ് പറഞ്ഞു. “സ്വന്തം വീടിന്റെ മതിലിനോട് ചേർന്ന് നിയമവിരുദ്ധ ട്രക്ക് യാർഡുള്ളവരുടെ ജനലുകളിലേക്ക് 24 മണിക്കൂറും വെളിച്ചം അടിച്ചുകൊണ്ടിരിക്കും. കൂടാതെ റിവേഴ്സ് ഹോണുകളുടെയും ബഹളങ്ങളുടെയും വലിയ ശബ്ദവുമുണ്ടാകും.”
ഈ ഡിപ്പോകൾ ട്രക്കിംഗ് മേഖലയ്ക്കാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഒന്റാറിയോയിലെ 450 കാരിയറുകളെ പ്രതിനിധീകരിക്കുന്ന ഒന്റാറിയോ ട്രക്കിംഗ് അസോസിയേഷനിലെ മാർക്കോ ബെഗെറ്റോ പറഞ്ഞു. “നിയമവിരുദ്ധ ട്രക്ക് പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് കാലെഡൺ. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ ചെലവ് വരുന്നുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാത്ത കമ്പനികളോട് മത്സരിക്കാൻ സാധിക്കില്ല. ഇത് ട്രക്കിംഗ് വ്യവസായത്തിലെ ആരോഗ്യകരമായ മത്സരത്തെ പൂർണ്ണമായും തകർക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ഭാഗികമായി കാലെഡണിൽ താമസിക്കുന്ന വ്യക്തി കൂടിയായ ബെഗെറ്റോ, ഈ മേഖലയിലെ നിയമലംഘനങ്ങളുടെയും വ്യവസ്ഥാപിതമായ പ്രശ്നങ്ങളുടെയും ലക്ഷണമാണ് ഈ ഡിപ്പോകൾ എന്ന് വിശ്വസിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള സർക്കാരുകളും നടപടികൾ കർശനമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
“നിയമവിരുദ്ധമായ സോണിംഗ്, കൃത്യമായ അനുമതിയില്ലാത്ത സാധനങ്ങൾ സൂക്ഷിക്കൽ, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം എന്നിവയാണ് ഇവിടെ നടക്കുന്നത്. പല കേസുകളിലും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് ട്രക്കിംഗ് കമ്പനികളുടെ മറവിൽ പ്രവർത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു. “ഈ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന 80 ശതമാനം ട്രക്കിംഗ് കമ്പനികളും യാതൊരുവിധ സുരക്ഷാ പരിശോധനകൾക്കും വിധേയമായിട്ടില്ല. ഇവർ ആരാണെന്ന് പോലും ആർക്കും അറിയില്ല,” അസോസിയേഷന്റെ 2026 മേയിലെ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. വാണിജ്യ ട്രക്ക് ഡ്രൈവർമാരുടെ പരിശീലനം, പരിശോധന, ലൈസൻസിംഗ് സംവിധാനങ്ങൾ എന്നിവ പ്രവിശ്യാ ഭരണകൂടം കാര്യക്ഷമമായി നിരീക്ഷിക്കുന്നില്ലെന്ന് മെയ് മാസത്തിൽ പുറത്തുവന്ന ഒന്റാറിയോ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു.
കമ്പനികൾ പരിശോധനകളിൽ നിന്ന് തെന്നിമാറുന്നത് തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂടുതൽ പരിശോധനാ കേന്ദ്രങ്ങളും സഹായികളെയും നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കാലെഡണിന്റെ അടുത്ത മേയറാകുന്ന വ്യക്തി പ്രദേശവാസികളുമായി ചേർന്ന് പ്രവർത്തിക്കുകയും കൂടുതൽ നിയമനിർമ്മാണ അധികാരങ്ങൾക്കായി പ്രവിശ്യാ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും വേണമെന്നാണ് ബെഗെറ്റോയുടെ ആവശ്യം.
ഇപ്പോഴത്തെ അവസ്ഥ തുടരാൻ അനുവദിക്കില്ലെന്നാണ് സ്ഥാനാർത്ഥികൾ വ്യക്തമാക്കുന്നത്. “നിങ്ങൾ ഒരു നിയമവിരുദ്ധ ട്രക്ക് യാർഡ് തുടങ്ങുകയാണെങ്കിൽ, അതിന് മുന്നിൽ ബാരിക്കേഡ് കെട്ടാനുള്ള വഴി ഞങ്ങൾ കണ്ടെത്തും. വയലുകളിൽ ട്രക്കുകൾ കൊണ്ട് തളളി ഞങ്ങൾ കണ്ണടച്ചു ഇരുട്ടാക്കുമെന്ന് കരുതേണ്ട,” മേയർ സ്ഥാനാർത്ഥിയും നിലവിലെ റീജിയണൽ കൗൺസിലറുമായ ക്രിസ്റ്റിന എർലി പറഞ്ഞു. എങ്കിലും, ഇത്തരം യാർഡ് ഉടമകളെ ശിക്ഷിക്കുന്നതിൽ പ്രവിശ്യാ നിയമങ്ങൾ നഗരസഭയ്ക്ക് പരിധികൾ നിശ്ചയിക്കുന്നുണ്ടെന്ന് എർലിയും കൗൺസിലർ മാരിയോ റൂസോയും ചൂണ്ടിക്കാണിക്കുന്നു.
ഒരു ട്രക്ക് യാർഡ് നിയമവിരുദ്ധമാണെന്ന് കോടതി വിധി വരുന്നത് വരെ ആ വസ്തുവിന് മുന്നിൽ ബാരിക്കേഡ് വെയ്ക്കാൻ നഗരസഭയ്ക്ക് നിലവിൽ അധികാരമില്ലെന്ന് റൂസോ പറഞ്ഞു. ഇത്തരം കേസുകളിൽ കോടതി വിധി വരാൻ മൂന്ന് വർഷം വരെ എടുത്തേക്കാം. ട്രക്ക് യാർഡുകൾക്ക് പിഴ ചുമത്തുന്നതിൽ നഗരസഭകൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമനിർമ്മാണത്തിന് പ്രവിശ്യാ സർക്കാർ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം. “നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. പിഴ ചുമത്തിയും നിരന്തരം പരിശോധനകൾ നടത്തിയും അവരുടെ പ്രവർത്തനം പ്രയാസകരമാക്കി നഗരം വിട്ടുപോകാൻ അവരെ നിർബന്ധിതരാക്കണം,” റൂസോ പറഞ്ഞു. നിയമം അനുവദിക്കുന്ന പരമാവധി നടപടികൾ സ്വീകരിക്കുമെന്നാണ് മേയർ സ്ഥാനാർത്ഥിയായ അലൻ ഹാർട്ട് പറയുന്നത്. പിഴ ചുമത്തുന്നതും വാഹനങ്ങൾ കണ്ടുകെട്ടുന്നതും യാർഡുകളിലേക്കുള്ള പ്രവേശനം തടയുന്നതും ഇതിൽ ഉൾപ്പെടും. മറ്റൊരു സ്ഥാനാർത്ഥിയായ ജഗ്ദീപ് സച്ച പറയുന്നത്, ട്രക്കുകൾ പാർക്ക് ചെയ്യുന്നതിനായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുമെന്നാണ്. തൊഴിൽമേഖലയ്ക്കായി ഒരു ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കുകയും അതിന്റെ ഒരു ഭാഗം ട്രക്ക് യാർഡുകൾക്കായി ഉപയോഗിക്കുകയും വേണമെന്നാണ് സ്ഥാനാർത്ഥിയായ മൻജിത് ഭോന്ധി സെയ്നിയുടെ അഭിപ്രായം.







