സാങ്കേതിക തകരാറിനെ തുടർന്ന് ടെക്സസിലുള്ള സെഗ്വിൻ നഗരത്തിന് സമീപം യുഎസ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. ജോയിൻ്റ് ബേസ് സാൻ ആന്റണിയോയിലെ 12-ാം ഫ്ലയിങ് ട്രെയിനിങ് വിങിൽപ്പെട്ട ‘T-6A ടെക്സാൻ II’ (T-6A Texan II) വിമാനമാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ വ്യോമസേനയിലെയും നാവികസേനയിലെയും പൈലറ്റുമാർക്ക് പ്രാഥമിക വിമാന പരിശീലനം നൽകുന്നതിനായി ഉപയോഗിക്കുന്ന രണ്ട് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ വിമാനമാണ് T-6A ടെക്സാൻ II. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 5:51-ഓടെയാണ് സംഭവം. വിമാനത്തിന്റെ ലാൻ്റിങ് ഗിയറിൽ തകരാർ രേഖപ്പെടുത്തിയതിനെ തുടർന്ന് പൈലറ്റുമാർ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും, അവരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. രക്ഷപ്പെട്ട പൈലറ്റുമാരെ പ്രാദേശിക മിലിട്ടറി മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയരാക്കി വരികയാണ്.







