തിരുവനന്തപുരം കഴക്കൂട്ടത്തെ സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയറുടെ നിർദ്ദേശപ്രകാരം ഉള്ളൂർ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥനായ ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ സ്പാ നടത്തിപ്പുകാരൻ നിഷാന്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്പായിൽ നിന്നുള്ള പണം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് വ്യക്തമായത്. അനുരൂപിന്റെ ബെനാമിയായാണ് നിഷാന്ത് സ്പാ നടത്തിയിരുന്നതെന്നും, പ്രതിദിനം 25,000 രൂപ വരെ അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനത്തിനിരയായ പെൺകുട്ടിയെ ഈ സ്പാവിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നുണ്ട്. സ്പായിൽ എത്തിയ സന്ദർശകരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ടെന്നും, പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും 14 വയസ്സുകാരിയായ പെൺകുട്ടിയെ കോവളത്ത് എത്തിച്ചത് അന്തർസംസ്ഥാന റാക്കറ്റാണെന്നാണ് പൊലീസിന്റെ സംശയം. ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ബെംഗളൂരു സ്വദേശിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പൊലീസ് നടത്തിവരുന്നു.







