ആൽബർട്ട, ക്യുബെക്, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ പാത പിന്തുടർന്ന് ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകൾ (digital credentials) അവതരിപ്പിക്കാൻ ഒരുങ്ങി ഒൻ്റാരിയോ സർക്കാർ. സർക്കാർ സേവനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ‘ഒൻ്റാരിയോ ഫോട്ടോ കാർഡ്’ (Ontario Photo Card) ആയിരിക്കും ആദ്യമായി ഡിജിറ്റൽ പതിപ്പിലേക്ക് മാറുക. പിന്നീട് ഡ്രൈവിങ് ലൈസൻസുകളിലും ഹെൽത്ത് കാർഡുകളിലും ഈ മാറ്റം കൊണ്ടുവരുമെന്ന് ഫോർഡ് സർക്കാർ വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒൻ്റാരിയോ നിവാസികൾക്ക് സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖയാണ് ‘ഒൻ്റാരിയോ ഫോട്ടോ കാർഡ്’.
അതേസമയം, ഡിജിറ്റൽ ഐഡികൾ നിർബന്ധമാക്കില്ലെന്നും നിലവിലുള്ള കാർഡുകൾ തുടരുമെന്നും പബ്ലിക് ആൻഡ് ബിസിനസ് സർവീസ് ഡെലിവറി ആൻഡ് പ്രൊക്യൂർമെൻ്റ് മന്ത്രി സ്റ്റീഫൻ ക്രോഫോർഡ് അറിയിച്ചു. ഡിജിറ്റല്‍ കാര്‍ഡുകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാം. ഓണ്‍ലൈനായും നേരിട്ടും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇവ ഉപയോഗിക്കാം, അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും തിരിച്ചറിയല്‍ നടപടികള്‍ എളുപ്പമാക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പൊതു-വിദഗ്ധ ചർച്ചകളും കൂടിയാലോചനകളും ഈ വർഷം അവസാനം ആരംഭിക്കും. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഡിജിറ്റൽ ഐഡികൾ ലഭ്യമാക്കുക.







