ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വൈകിയുള്ള പ്രസവവും കാരണം കാനഡയിലെ ജനനനിരക്കിൽ (Total Fertility Rate) റെക്കോർഡ് ഇടിവ് ഉണ്ടായതായി റിപ്പോർട്ട്. 2025-ൽ ഒരു സ്ത്രീക്ക് ശരാശരി 1.26 കുട്ടികൾ എന്ന നിരക്കാണ് രേഖപ്പെടുത്തിയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024-ലെ ചരിത്രപരമായ ഏറ്റവും കുറഞ്ഞ ജനനനിരക്കിന് തുല്യമാണത്. രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും ടെറിട്ടറികളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-ൽ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കാനഡ. പട്ടികയിൽ അമേരിക്ക (1.57), ഐസ്‌ലാൻഡ് (1.56), ഫ്രാൻസ് (1.56) എന്നീ രാജ്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ ദക്ഷിണ കൊറിയയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (0.80) രേഖപ്പെടുത്തിയത്.
പ്രസവിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായം ഉയരുന്നതാണ് മറ്റൊരു പ്രധാന ആശങ്ക. 1976-ൽ അമ്മമാരാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 26.7 ആയിരുന്നുവെങ്കിൽ 2025-ൽ അത് 31.9 വയസ്സായി ഉയർന്ന് പുതിയ റെക്കോർഡിലെത്തി. തൊഴിൽ സാഹചര്യങ്ങൾ, ഉയർന്ന ജീവിതച്ചെലവ്, ജീവിതശൈലീ മാറ്റങ്ങൾ, ഗർഭധാരണത്തിലെ താമസം എന്നിവയാണ് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സ്ത്രീകളിൽ എൻഡോമെട്രിയോസിസ് (Endometriosis), പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്നതും ഗർഭധാരണത്തെ ബാധിക്കുന്നു.







