സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അഭാവത്തിലും യൂറോപ്യൻ നേഷൻസ് ലീഗിൽ ക്വർട്ടറിലേക്ക് മുന്നേറി പോർച്ചുഗൽ. നോർവേയെ 2-1ന് തോൽപ്പിച്ചാണ് പോർച്ചുഗൽ നേഷൻസ് ലീഗിൽ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായത്. നെതർലൻഡ്സ്, ഡെൻമാർക്ക് ടീമുകളും ജയം നേടിയപ്പോൾ ജർമനി-ഗ്രീസ് മത്സരം സമനിലയായി. ഗ്രൂപ്പ് ഡിയിൽ നാലാം ജയത്തോടെയാണ് പോർച്ചുഗൽ ക്വാർട്ടർ ഉറപ്പാക്കിയത്. നാല് കളിയിൽ നിന്ന് ആറ് പോയിൻ്റുള്ള ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്.
പോർച്ചുഗീസ് ടീമിനായി 38-ാം മിനിറ്റിൽ ജാവൊ കാൻസലോയും 79-ാം മിനിറ്റിൽ ഗോൺസാലോ റാമോസും ഗോൾ നേടി. 36-ാം മിനിറ്റിൽ ക്രിസ്റ്റഫർ അജറാണ് നോർവേയുടെ ഗോൾ നേടിയത്. 86-ാം മിനിറ്റിൽ ഫ്രാൻസെസ്കോ കോൺസികൊ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പോർച്ചുഗൽ പത്ത് പേരായി ചുരുങ്ങിയിരുന്നു.







