അമേരിക്കയിൽ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനത്തിന് സാക്ഷ്യം വഹിക്കുന്ന പെൻസിൽവേനിയയിൽ രോഗബാധ മൂലം അഞ്ചാമതൊരു മരണം കൂടി സ്ഥിരീകരിച്ചു. വാക്സിൻ സ്വീകരിക്കാത്ത ലാൻകാസ്റ്റർ കൗണ്ടി സ്വദേശിയാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് പെൻസിൽവേനിയ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. രോഗിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം സംസ്ഥാനത്ത് 39 കൗണ്ടികളിലായി ആകെ 943 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് 903 ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങി ഈ വർഷം ഏപ്രിൽ വരെ നീണ്ടുനിന്ന സൗത്ത് കാരൊലൈനയിൽ 997 കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. പെൻസിൽവാനിയയിലെ സാഹചര്യം രാജ്യവ്യാപകമായുള്ള വലിയൊരു പ്രതിസന്ധിയുടെ ഭാഗം മാത്രമാണ്. സെപ്റ്റംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 45 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡി.സിയിലുമായി ആകെ 3,659 അഞ്ചാംപനി കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത 2,289 കേസുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. എന്നാൽ അഞ്ചാംപനി ബാധിച്ച പലരും വൈദ്യസഹായം തേടാറില്ലാത്തതിനാൽ യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലും എത്രയോ അധികമായിരിക്കുമെന്ന് പൊതുാരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.







