‘സൂപ്പർ എൽ നിനോ’ പ്രതിഭാസത്തെ തുടർന്ന് ഒൻ്റാരിയോയിൽ ശരത്കാല താപനില ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണ ഈ സമയത്ത് അനുഭവപ്പെടാറുള്ള കൊടുംതണുപ്പിന് പകരം കനത്ത ചൂടാണ് നിലവിൽ പ്രവിശ്യയിലുടനീളം അനുഭവപ്പെടുന്നത്.
ഉയർന്ന താപനിലയും രാത്രികാലങ്ങളിലെ തണുപ്പിന്റെ കുറവും സസ്യജാലങ്ങളുടെ സ്വാഭാവിക ജീവശാസ്ത്രപരമായ മാറ്റങ്ങളെ ബാധിച്ചിട്ടുണ്ട്.. ഇതിന്റെ ഫലമായി ഒൻ്റാരിയോയിലെ പ്രശസ്തമായ ശരത്കാല ഇലപൊഴിച്ചിലും വനമേഖലകളിലെ വർണ്ണമാറ്റങ്ങളും ഏതാനും ആഴ്ചകൾ വൈകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഒക്ടോബർ അവസാനത്തോടെ വർണ്ണമാറ്റം പൂർണ്ണതയിലെത്തുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. ശൈത്യകാലത്തിന്റെ വരവ് വൈകുന്നത് ഔട്ട്ഡോർ വിനോദങ്ങൾക്കും വിനോദസഞ്ചാര മേഖലയ്ക്കും താൽക്കാലികമായി അനുകൂല സാഹചര്യമൊരുക്കുമെങ്കിലും, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സൂചനയായാണ് വിദഗ്ദ്ധർ ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്.







