ആറളം ഫാമിലും പുനരവാസ മേഖലയിലും വർഷങ്ങളായി ഭീതി പരത്തുന്ന മോഴയാനയെ പിടികൂടാനായുള്ള ‘ഓപ്പറേഷൻ കെഎം-1’ ദൗത്യം പുരോഗമിക്കുന്നു. കണ്ണൂർ ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ നിലയുറപ്പിച്ച ആനയ്ക്ക് നേരെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആദ്യ മയക്കുവെടി പ്രയോഗിച്ചെങ്കിലും, മൂന്ന് റൗണ്ട് വെടിവെച്ചിട്ടും ആനയെ പൂർണ്ണമായി വരുതിയിലാക്കാൻ സാധിച്ചിട്ടില്ല. വെടിയേറ്റതിനെത്തുടർന്ന് പ്രകോപിതനായ ആനയെ സുരക്ഷിതമായി എലിഫന്റ് ആംബുലൻസിലേക്ക് മാറ്റുന്നതിനായി വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിആനകളും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. കനത്ത ചൂടും ആനയുടെ പ്രതിരോധ സ്വഭാവവും ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.
കഴിഞ്ഞദിവസം മോഴയ്ക്കൊപ്പം കല്ലേരിക്കൊമ്പനും ഒരു പിടിയാനയും ഉണ്ടായിരുന്നുവെന്നതും, ഫാമിലെ ബ്ലോക്ക് 10 ജലനിധി ഭാഗത്തുവെച്ച് ആനയെ സുരക്ഷിതമായി മാറ്റാൻ സാധിക്കാത്ത സാഹചര്യവും കാരണം ദൗത്യം കഴിഞ്ഞ ദിവസത്തേക്ക് നീട്ടിവെച്ചിരുന്നു. എന്നാൽ ഇന്ന് അനുകൂല സാഹചര്യം ഒത്തുവന്നപ്പോഴാണ് മയക്കുവെടി വെച്ചത്. സുരക്ഷ മുൻനിർത്തി ജില്ലാ കലക്ടർ ആറളം പഞ്ചായത്തിലെ 6, 7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ബിഎൻഎസ് സെക്ഷൻ 163(1) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രദേശത്ത് പൊതുജനങ്ങൾ ഒത്തുകൂടുന്നതിനും വിലക്കുണ്ട്. കണ്ണൂർ ഡി.എഫ്.ഒ സജി, വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ എന്നിവരുൾപ്പെടെ നൂറോളം അംഗങ്ങളുള്ള ദൗത്യസംഘം ആറളത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.







