കാനഡയുടെ കുടിയേറ്റ സംവിധാനം വീണ്ടും പൂർണ്ണ നിയന്ത്രണത്തിലായ സാഹചര്യത്തിൽ, രാജ്യത്തെ ജനസംഖ്യയിൽ എപ്പോഴാണ് “നിയന്ത്രിത വർദ്ധനവ്” (controlled increase) ആരംഭിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കാലത്തുണ്ടായ അതിവേഗ ജനസംഖ്യാ വളർച്ചയ്ക്ക് ശേഷം കുടിയേറ്റ സംവിധാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി കഴിഞ്ഞ ജൂലൈയിൽ കാർണി വ്യക്തമാക്കിയിരുന്നു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കുടിയേറ്റ നിരക്ക് പദ്ധതി (immigration levels plan) നവംബർ ഒന്നിനകം സർക്കാർ പുറത്തുവിടാനിരിക്കെയാണ് ഈ പ്രസ്താവന.
ഭവന വിപണിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിനുമായി താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണം സർക്കാർ വെട്ടിക്കുറച്ചിരുന്നു. എന്നാൽ പരിമിതമായ ജനസംഖ്യാ വളർച്ച കാരണം കാനഡയുടെ ജി.ഡി.പി ചുരുങ്ങുന്നതായി കാർണി ചൂണ്ടിക്കാട്ടി. അതേസമയം, ബിസിനസ്സ് ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി കുടിയേറ്റം വീണ്ടും വർദ്ധിപ്പിക്കരുതെന്ന് വാട്ടർലൂ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ മൈക്കൽ സ്കുട്ടറഡ് ഉൾപ്പെടെയുള്ള വിദഗ്ദ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം അടുത്ത വർഷാവസാനത്തോടെ ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.







