ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവിശ്യാ നിവാസികൾക്ക് ആശ്വാസമായി ഇന്ധനനികുതി താൽക്കാലികമായി ഒഴിവാക്കി ആൽബർട്ട സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ അവസാനം വരെ പെട്രോളിന്‍റെയും ഡീസലിന്‍റെയും പ്രവിശ്യാ നികുതി ഇളവ് പ്രാബല്യത്തിൽ തുടരും. ലിറ്ററിന് 13 സെൻ്റ് വീതമാണ് പെട്രോളിനും ഡീസലിനും പ്രവിശ്യാ സർക്കാർ നികുതി ഈടാക്കിയിരുന്നത്. വരും മാസങ്ങളിലും ക്രൂഡ് ഓയിൽ നിരീക്ഷിച്ച് നികുതി ഇളവ് നീട്ടുന്ന കാര്യം പരിശോധിക്കുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ഡബ്ല്യു.ടി.ഐ. (WTI) ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 80 യു.എസ്. ഡോളറിന് മുകളിലെത്തിയാൽ നികുതി ഇളവ് നൽകുന്ന രീതിയാണ് ആൽബർട്ടയിലുള്ളത്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 15 വരെ ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 90.54 ഡോളറിലെത്തിയ സാഹചര്യത്തിലാണ് നികുതി ഒഴിവാക്കിയത്. ഇതിനൊപ്പം, ഫെഡറൽ ഇന്ധന എക്സൈസ് നികുതി ഒഴിവാക്കുന്നത് 2027 ജനുവരി അവസാനം വരെ നീട്ടാൻ കാനഡയിലെ ഫെഡറൽ സർക്കാരും തീരുമാനിച്ചിട്ടുണ്ട്.
നികുതി ഇളവിൻ്റെ പൂർണ്ണ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിൽ സർക്കാർ നേരിട്ട് പരിശോധന നടപ്പിലാക്കും. അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മൂന്ന് ലക്ഷം ഡോളർ വരെ പിഴയോ രണ്ട് വർഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







